ചൂട്​ ഇനിയും കൂടും; നിർമാണങ്ങളിൽ കരുതൽ വേണമെന്ന്​ വിദഗ്​ധർ

തൊടുപുഴ: കേരളത്തിൽ ചൂട്​ നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങളിലും ഭൂമിയുടെ വിനിയോഗത്തിലും ഗൗരവതരമായ കരുതൽ വേണമെന്ന്​ വിദഗ്​ധർ. സംസ്ഥാനത്തെ ആറ്​ ജില്ലകളിൽ അടുത്തിടെയുണ്ടായ വർധിച്ച ചൂട്​ ശക്​തമായ മുന്നറിയിപ്പാണെന്നാണ്​ വിലയിരുത്തൽ. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ സമാന്തരമായി അന്തരീക്ഷത്തിലെ ചൂട്​ കുറക്കാനുള്ള മാർഗങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതും അശാസ്ത്രീയമായ ഭൂവിനിയോഗവും പരിസ്ഥിതിക്ക്​ യോജിക്കാത്ത നിർമാണ പ്രവർത്തനങ്ങളുമാണ്​ കേരളത്തിൽ ചൂട്​ വർധിക്കാനുള്ള പ്രധാന കാരണങ്ങളെന്ന്​ കാലാവസ്ഥ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ ഡോ. ഡി. ശിവാനന്ദ പൈ പറയുന്നു. കൃഷിക്കും നിർമാണങ്ങൾക്കുമായി​ കാടുകൾ വെട്ടിമാറ്റുന്നതും വനം വെട്ടിത്തെളിക്കുന്നതും ചൂട്​ കൂടാൻ കാരണമാകുന്നു. കോൺക്രീറ്റ്​ കെട്ടിടങ്ങളുടെ ആധിക്യവും വെള്ളം മണ്ണിലിറങ്ങാത്ത രീതിയിലുള്ള നിർമാണ ​പ്രവർത്തനങ്ങളും ആധുനിക റോഡുകളുടെ നിർമാണ ശൈലിയും എയർ കണ്ടീഷണറുകളുടെയും സി.എഫ്​.എൽ ബൾബുകളുടെയും ആധിക്യവുമെല്ലാം അന്തരീക്ഷത്തിൽ ചൂട്​ വർധിപ്പിക്കുന്ന ഘടകങ്ങളാണ്​. റോഡ്​ നിർമിക്കുമ്പോൾ ഇരുവശങ്ങളിലും മരങ്ങൾ വെച്ച്​ പിടിപ്പിക്കുക എന്നത്​ ചൂടിനെ പ്രതിരോധിക്കാനുള്ള ഫലപ്രമായ മാർഗങ്ങളിലൊന്നാണെന്നും ഡോ. ശിവാനന്ദ പൈ പറഞ്ഞു. ചൂട്​ കൂടിയ നാളുകളാണ്​ ഇനിയും കേരള​ത്തെ കാത്തിരിക്കുന്നത്​. എന്നാൽ, ചൂട്​​ എത്രമാത്രം വർധിക്കുമെന്നത്​ ഭൂവിനിയോഗത്തിലും നിർമാണ മേഖലയിലും കേരളം അവലംബിക്കുന്ന രീതികളെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ 122 വർഷത്തിനിടെ കേരളത്തിന്‍റെ കാലാവസ്ഥയിലുണ്ടായ മാറ്റം, ഇത്​ വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതം, വരും നാളുകളിൽ കാലാവസ്ഥ വ്യതിയാനം കേരളത്തിന്​ ഉയർത്തുന്ന വെല്ലുവിളി എന്നിവ സംബന്ധിച്ച്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ തയാറാക്കിയ വിദശമായ പഠന റിപ്പോർട്ട്​ ഉടൻ പുറത്തിറക്കും. -പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.