സത്രം എയർസ്​ട്രിപ്​: കടുവ സംരക്ഷണ അതോറിറ്റി വിശദീകരണം തേടി

തൊടുപുഴ: വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്​ നിർമാണം സംബന്ധിച്ച്​ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വീണ്ടും വിശദീകരണം തേടി. പദ്ധതി പെരിയാർ കടുവ സങ്കേതത്തെ പ്രതികൂലമായി ബാധിക്കുമെന്നും എയർസ്ട്രിപ്​ നിർമാണത്തിൽ ചട്ട ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. എയർസ്ട്രിപ് നിർമാണത്തിൽ ഗുരുതര ചട്ടലംഘനം ആരോപിച്ച് സൊസൈറ്റി ഫോർ ദ​ പ്രിവൻഷൻ ഓഫ്​ ക്രുവൽറ്റി ടു അനിമൽസ്​ (എസ്​.പി.സി.എ) ഇടുക്കി ജില്ല സെക്രട്ടറി എം.എൻ. ജയചന്ദ്രൻ കഴിഞ്ഞ ഒക്​ടോബർ അഞ്ചിന്​ എൻ.ടി.സി.എക്ക്​ പരാതി നൽകിയിരുന്നു. എൻ.ടി.സി.എ ഇതുസംബന്ധിച്ച്​ ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡനോട്​ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ്​ വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്​. പാരിസ്ഥിതികാഘാതപഠനം, കടുവ സങ്കേതത്തിന്‍റെ 10 കിലോമീറ്റർ പരിധിയിൽ നിർമാണത്തിനും സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ റോഡ് പണിയാനും ദേശീയ വന്യജീവി ബോർഡിന്‍റെ അനുമതി വേണം എന്നീ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും സംരക്ഷിത വനമായി പ്രഖ്യാപിച്ച മേഖലയിലാണ് എയർ സ്ട്രിപ് നിർമാണമെന്നുമാണ്​ പരാതിയിൽ പറയുന്നത്​. എൻ.ടി.സി.എക്ക്​ വിശദീകരണം നൽകാൻ ചീഫ്​ വൈൽഡ് ​ലൈഫ്​ വാർഡൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ്​ പരാതിക്കാരനായ ജയചന്ദ്രന്‍റെ ആരോപണം. എൻ.സി.സി കാഡറ്റുകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാൻ റവന്യൂവകുപ്പ് അനുവദിച്ച 12 ഏക്കറിൽ 2017ലാണ്​ എയർസ്​ട്രിപ്​ നിർമാണം തുടങ്ങിയത്​. 650 മീറ്റർ റണ്‍വേയും അപ്രോച് റോഡുമടക്കം അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായി. സർക്കാറിന്‍റെ നൂറുദിന കർമപദ്ധതിയിൽപെടുത്തി ഉദ്​ഘാടനം ചെയ്യാനാണ്​ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.