പാറമ്പുഴയിൽ രണ്ടാം ദിവസവും നാട്ടുകാരു​ടെ ഉ​പരോധം

കോട്ടയം: സിൽവർ ലൈൻ പാതക്ക്​ കല്ലിടുന്നതുമായി ബന്ധപ്പെട്ട്​ രണ്ടാം ദിവസവും കലുഷിതമായി ജില്ല. സമരക്കാരെത്തും മുമ്പേ രാവിലെ പാറമ്പുഴയിൽ കല്ലിടാനുള്ള റവന്യൂ സംഘത്തിന്‍റെ നീക്കം പാളി. സർവേക്കല്ല്​ സമരക്കാർ പിഴുത്​​ തോട്ടിലിട്ടു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനുശേഷം താൽക്കാലികമായി കല്ലിടൽ നിർത്തിവെച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോ​ടെയാണ്​ പാറമ്പുഴ മൂന്നാം വാർഡിൽ പൊലീസ്​ അകമ്പടിയോടെ തുടർച്ചയായ രണ്ടാം ദിവസവും റവന്യൂ സംഘമെത്തിയത്​. നാട്ടുകാരിൽ ചിലർ സ്ഥലത്തുണ്ടായിരുന്നെങ്കിലും വൻ പൊലീസ്​ സംഘത്തെ അവർക്കു തടയാനായില്ല. റോഡിന്‍റെ രണ്ടറ്റത്തും ആരെയും കടത്തിവിടാതെ പൊലീസ്​ കാവൽ നിന്നു. ആദ്യത്തെ കല്ലുനാട്ടിയ ശേഷം റോഡിനപ്പുറത്ത്​ രണ്ടാമത്തെ കല്ലിടുമ്പോഴേക്കും ​സമരക്കാരും നാട്ടുകാരും സംഘടിച്ചെത്തി. കല്ല്​ റോഡിലേക്കെറിഞ്ഞ്​ റവന്യൂ സംഘത്തെ തടഞ്ഞു. അപ്പോഴേക്കും കൂടുതൽ നാട്ടുകാരും പ്രദേശത്തെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്​, യു.ഡി.എഫ്​ കൗൺസിലർ സാബു മാത്യു, സമരസമിതി ചെയർമാൻ ബാബു കുട്ടൻ ചിറ, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻലാൽ എന്നിവരും എത്തി. നേതാക്കൾ ഇടപെട്ട്​ റോഡിനപ്പുറം പൊലീസ്​​ തടഞ്ഞുവെച്ച സ്ത്രീകളടക്കം സമരക്കാരെ പ്രദേശത്തേക്ക്​ കടത്തിവിട്ടു. ആളുകളെ തടഞ്ഞു​വെക്കാൻ ഇത്​ പാകിസ്താനല്ലെന്നും പാറമ്പുഴയാണെന്നും നേതാക്കൾ പറഞ്ഞു. എല്ലാവരും ചേർന്ന്​, ആദ്യം നാട്ടിയ സർവേക്കല്ല്​ പിഴുത്​​​ സമീപത്തെ തോട്ടിലേക്കിട്ടു. തുടർന്ന്​ സർവേക്കല്ലുമായി വന്ന വാഹനം തിരിച്ചയക്കണമെന്ന്​ സമരക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ഡി.സി.സി പ്രസിഡന്‍റും പൊലീസുമായി അൽപനേരം വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസത്തേതുപോലെ വാഹനത്തിൽ കയറി പ്രതിഷേധിക്കുമെന്ന്​ പറഞ്ഞതോടെ പതിനൊന്നരയോടെ പൊലീസ്​ കല്ലുമായി വന്ന വാഹനം തിരിച്ചയച്ചു. പൊലീസും റവന്യൂ സംഘവും മടങ്ങാത്തതിനാൽ ജാഗ്രതയോടെ സ്ത്രീകളടക്കം സമരക്കാർ കാവലിരുന്നു. ഉച്ചക്ക്​ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. സമരക്കാർ പിൻവാങ്ങാതിരുന്നതോടെ വൈകീട്ട്​ 3.45ന്​ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മടങ്ങി. ഇതോ​ടെ ആഹ്ലാദപ്രകടനം നടത്തിയ ശേഷം നാട്ടുകാരും പിരിഞ്ഞു. വാർഡ്​ കൗൺസിലർ ലിസി കുര്യൻ, ബി.ജെ.പി കൗൺസിലർ വിനു ആർ. മോഹൻ, അഡ്വ. പ്രിൻസ്​ ലൂക്കോസ്​, കോട്ടയം നഗരസഭ ചെയർപേഴ്​സൻ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവരും പ്രതിഷേധത്തിന്‍റെ ഭാഗമായി. വൈക്കം ഡിവൈ.എസ്​.പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിൽ ഏറ്റുമാനൂർ, ഗാന്ധിനഗർ, അയർക്കുന്നം സ്​​റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരും​ ആംബുലൻസും അഗ്​നിരക്ഷാസേനയും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ പകൽ മുഴുവൻ ഉപരോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.