സിൽവർ ലൈൻ:​ കല്ലിടാൻ റവന്യൂസംഘം നട്ടാശ്ശേരിയിൽ; തടഞ്ഞ്​ നാട്ടുകാർ

കോട്ടയം: സിൽവർ ലൈൻ പാതക്ക്​ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ്​ നാട്ടുകാരും സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി പ്രവർത്തകരും. ഒരു പകൽ നീണ്ട അനിശ്ചിതാവസ്ഥക്കുശേഷം വൈകീട്ട്​​ ആറോടെ സംഘം മടങ്ങിപ്പോയി. നട്ടാശ്ശേരി കുഴിയാനിപ്പടിയിലാണ്​ തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷേധം അരങ്ങേറിയത്​. നട്ടാശ്ശേരി വായനശാലക്കുസമീപം കല്ലിടു​മെന്നറിഞ്ഞ്​ രാവിലെ മുതൽ നാട്ടുകാരും സമരസമിതി പ്രവർത്തകരും സ്ഥലത്ത്​ സംഘടിച്ചിരുന്നു. പിന്നീടാണ്​​ കുഴിയാനിപ്പടിയിൽ കല്ലിടാൻ റവന്യൂസംഘം എത്തിയെന്നറിഞ്ഞത്​. അതോടെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരടക്കം എല്ലാവരും അവിടെയെത്തി. കോട്ടയം ഡി​വൈ.എസ്​.പി ജെ. സന്തോഷ്​ കുമാറിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ്​ സംഘവും അഗ്​നിരക്ഷാസേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിരുന്നു. സമരക്കാർക്ക്​ പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എത്തി. മുഖ്യമന്ത്രിയുടെ പിടിവാശിയാണ്​ പ്രശ്നം ഇത്തരത്തിൽ വഷളാക്കുന്നതെന്ന്​ എം.എൽ.എ കുറ്റപ്പെടുത്തി. ഇതിനിടെ, സർവേക്കല്ലുമായി എത്തിയ വാഹനം സമരക്കാർ തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്​, യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം നേതാവ്​ അഡ്വ. പ്രിൻസ്​ ലൂക്കോസ്​ ​എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിനുമുകളിൽ കയറി പ്രതി​ഷേധം തുടർന്നു. വെയിൽ ചൂടുപിടിച്ചതോടെ വാഹനത്തിനുമുകളിൽ ടാർപോളിൻ വലിച്ചുകെട്ടി. ഇവരെ ബലം പ്രയോഗിച്ച്​ നീക്കാൻ പൊലീസോ എതിർപ്പ്​ അവഗണിച്ച്​ കല്ലിടാൻ ഉദ്യോഗസ്ഥസംഘമോ ശ്രമിക്കാതിരുന്നതിനാൽ വിഷയം കൈയേറ്റത്തിലേക്കും സംഘർഷത്തിലേക്കും പോയില്ല. ഉദ്യോഗസ്ഥർ മടങ്ങാതെ തങ്ങൾ പോകില്ലെന്ന്​ സമരക്കാർ നിലപാടെടുത്തു. ഇതോടെ പൊലീസും സമരക്കാരും സ്​പെഷൽ തഹസിൽദാർ റോസ്ന ഹൈദ്രോസിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പ്രദേശത്ത്​ തമ്പടിച്ചു. ഉച്ചക്ക്​ സമരക്കാർതന്നെ അടുപ്പുകൂട്ടി കഞ്ഞിയുണ്ടാക്കി എല്ലാവർക്കും നൽകി. ആറുമണിക്ക് സർവേ സംഘവും പൊലീസ് സന്നാഹവും തിരിച്ചുപോയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്. നഗരസഭയിലെ കോൺഗ്രസ്​, ബി.ജെ.പി കൗൺസിലർമാരും സമരത്തിനുണ്ടായിരുന്നു. ഇവിടെ എൺപതോളം വീടുകളെ ബാധിക്കുമെന്നാണ്​ സമരക്കാർ പറയുന്നത്​. ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻലാൽ, പ്രിൻസ് ലൂക്കോസ്, സാബു മാത്യു, ചാക്കോച്ചൻ മണലേൽ, മുഹമ്മദ് സാലി, സണ്ണി മാത്യു, എ.ജി. അജയകുമാർ, ബിനു ആർ. മോഹൻ, ലിസി കുര്യൻ, ദിവ്യ സുജിത്ത്, എ.ജി. രതീഷ്, അരവിന്ദാക്ഷൻ നായർ, സാം പാറാമ്പുഴ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.