ആയിരം വിദ്യാർഥികൾക്ക്​ ഒരു ലക്ഷം രൂപയുടെ പുരസ്കാരം

കോട്ടയം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പിന്നിട്ട വിദ്യാഭ്യാസവർഷം പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് 'മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭ പുരസ്കാരം' നൽകുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതിയെന്ന്​ മന്ത്രി ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട്​ ആറിന്​ കേരള സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ, വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ തുടങ്ങിയവർ പങ്കെടുക്കും. നൂറുദിനപദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാര വിതരണം. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള 1000 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്​ പദ്ധതി. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.