കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെട്ടിടം നാളെ മുതൽ പൊളിച്ചുതുടങ്ങും

കോട്ടയം: മുഖംമിനുക്കലി‍ൻെറ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ നിലവിലെ കെട്ടിടം തിങ്കളാഴ്ച മുതൽ പൊളിച്ചുനീക്കിത്തുടങ്ങും. 6.20 ലക്ഷം രൂപക്ക്​ ഇല്ലിക്കൽ സ്വദേശിക്കാണ്​ കെട്ടിടം കരാർ​. 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കണമെന്നാണ്​ നിർദേശം. പൊളിക്കുന്നതിന്​ മുന്നോടിയായി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. ഇൻഫർമേഷൻ കൗണ്ടറും മാറ്റും. ഇവിടെയുള്ള കടക്കാർക്ക്​ ഒഴിയാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്​. പൊളിച്ചുനീക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ താൽക്കാലികമായി കാന്‍റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തി‍ൻെറ മുകളിലേക്കാണ്​ മാറ്റുന്നത്​​. യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യം, അന്വേഷണവിഭാഗം എന്നിവ ഇല്ലാതാകും. ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക ക്രമീകരണമൊരുക്കും. സ്റ്റാൻഡിലേക്ക് ഇപ്പോഴുള്ള വഴിയിലൂടെത്തന്നെ കയറും. തൊട്ടടുത്തെ ടാക്സി സ്റ്റാൻഡിന്​ സമീപത്തെ റോഡിലൂടെയാകും ഇറങ്ങിപ്പോകുക. ബസുകളുടെ പാർക്കിങ്​ സൗകര്യം കുറയുന്നതിന്​ പരിഹാരമായി തിരക്കേറിയ സമയങ്ങളിൽ കോടിമതയിലും ടി.ബി റോഡിലും ബസുകൾ പാർക്ക് ചെയ്യും. ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയാകും പൊളിക്കുക. പഴയ കെട്ടിടം പൊളിച്ചുനീക്കിയശേഷം ഈ സ്ഥലം ടൈലിട്ട്​ നവീകരിച്ച്​ ബസുകളുടെ പാർക്കിങ്​ യാർഡാക്കി മാറ്റും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ്​ നവീകരണം. ഇതി‍ൻെറ ഭാഗമായി തിയറ്റർ റോഡിനോടുചേർന്ന് 'എൽ' ആകൃതിയിൽ കാത്തിരിപ്പുകേന്ദ്രവും ഓഫിസും നിർമിക്കും. എന്നാൽ, പുതിയ കെട്ടിടത്തി‍ൻെറ പണി ഇഴയുകയാണ്​. മൂന്നുനില കെട്ടിടത്തി‍ൻെറ ആദ്യനിലയുടെ നിർമാണം പകുതി മാത്രമാണ്​ പൂർത്തിയായത്​. കരാർ പ്രകാരമുള്ള പണം ലഭിക്കാത്തതുമൂലമാണ് നിർമാണം നിർത്തിയതെന്നാണു കരാറുകാർ പറയുന്നു. അതേസമയം, കെട്ടിടത്തി‍ൻെറ നിർമാണം വേഗത്തിലാക്കുമെന്ന്​ അധികൃതർ പറഞ്ഞു. കരാറുകാരനു പണം ലഭ്യമാക്കുന്നതിന്​ നടപടിയായി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടു​വിലാണ്​ കെട്ടിടം പൊളിക്കാനുള്ള തീരുമാനമെത്തുന്നത്​. പൊളിക്കാൻ ആദ്യം 6.20 ലക്ഷം രൂപക്ക്​ കരാർ നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നഘട്ടം എത്തിയപ്പോൾ 10 ലക്ഷത്തിൽ കുറഞ്ഞ തുകക്ക്​ കരാർ നൽകരുതെന്ന്​ കെ.എസ്​.ആർ.ടി.സി എം.ഡിയുടെ ഓഫിസിൽനിന്ന്​ നിർദേശമെത്തി. ഇതോടെ കരാർ റദ്ദാക്കി. തുടർന്ന്​ പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ ആദ്യ തുകക്കുതന്നെ നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.