തീപടരുമ്പോൾ അസ്​ന വിളിച്ചു; ''ചേട്ടായി ഓടിവാ...''

തൊടുപുഴ: ''ചേട്ടായി, രക്ഷിക്ക്,​ ഓടിവാ'' എന്ന്​ 13കാരി അസ്നയുടെ ​ഫോണിലൂടെയുള്ള നിലവിളിയാണ്​​ അയൽവാസി രാഹുലിന്‍റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നത്​​. കളിചിരികളുമായി എപ്പോഴും വീട്ടിലേക്ക്​ ഓടിക്കയറി വരുന്ന ആ കുട്ടികളുടെ മുഖം മനസ്സിൽനിന്ന്​ മായുന്നില്ലെന്ന് നെഞ്ചുപൊട്ടി രാഹുൽ പറഞ്ഞു. ​​ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും വീടിന്‍റെ തൊട്ടുമുകളിലായാണ്​ രാഹുൽ താമസിക്കുന്നത്​. മുഹമ്മദ് ഫൈസലും ഷീബയും കടയില്‍ പോകുമ്പോള്‍ മക്കളായ മെഹ്​റിനും അസ്‌നയും രാഹുലിന്‍റെ വീട്ടിലായിരുന്നു കൂടുതൽ സമയവും. സ്വന്തം മക്കളെപ്പോലെയായിരുന്നു അവർ തനിക്കെന്ന്​ രാഹുൽ പറയുന്നു. 15 വര്‍ഷമായി ഫൈസലിന്‍റെ കുടുംബവുമായി നല്ല ബന്ധമാണ്. ദിവസത്തിൽ ഒരുവട്ടമെങ്കിലും കുട്ടികൾ വീട്ടിൽ വരും. വിഷുവും പെരുന്നാളും കുട്ടികളുടെ പിറന്നാളുകളുകളും ഒരുമിച്ചാണ്​ ആഘോഷിക്കുന്നതും. ശനിയാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ്​ മെഹ്​റിന്റെ ഫോണ്‍കാള്‍ വരുന്നത്​. ''ചേട്ടായി, ഞങ്ങളെ രക്ഷിക്കണേ'' എന്ന നിലവിളിയോടെ ഫോൺ കട്ടായി​. ഞൊടിയിടയിൽ ലൈറ്റിട്ട്​ താഴേക്ക്​ കുതിച്ചു. വീടിനടുത്തെത്തുമ്പോൾ കുട്ടികളുടെയടക്കം അലർച്ചയാണ്​​ കേൾക്കുന്നത്​. മുന്‍വശത്തെ വാതില്‍ തകർത്ത്​ അകത്തെത്തുമ്പോൾ ഒരുനിമിഷം തരിച്ചുപോയി. വീട്ടിലാകെ പെട്രോളിന്റെയും പുകയുടെയും മണം. രണ്ടുംകൽപിച്ച്​ അടഞ്ഞുകിടന്ന കിടപ്പുമുറിയും ചവിട്ടിത്തുറന്നു. വലിയ അഗ്​നിഗോളമാണ്​ മുറിക്കുള്ളിൽ. തീയും പുകയുമല്ലാതെ മറ്റൊന്നും കാണാൻ കഴിയുന്നില്ല. ഈ സമയം അകത്തേക്ക്​ ഓടിയെത്തിയ ഹമീദ് പെട്രോള്‍ നിറച്ച കുപ്പികൾ വീണ്ടുമെറിഞ്ഞു. ഇതോടെ മുറിക്കുള്ളിൽ തീ വീണ്ടും ആളിപ്പടർന്നു. ഇതിനിടെ രാഹുൽ ഹമീദിനെ പുറത്തേക്ക്​ തള്ളിയിട്ടു. അകത്തേക്ക്​ കയറാൻ കഴിയാത്ത രീതിയിൽ തീ വ്യാപിച്ചതോടെ പുറത്തേക്ക്​ വായെന്ന്​ ഫൈസലിനോടും മക്കളോടും അലറിക്കരഞ്ഞ്​ പറഞ്ഞെങ്കിലും അവരുടെ നിലവിളി മാത്രമാണ്​ കേൾക്കാൻ കഴിഞ്ഞത്​. ഇതിനിടെ നാട്ടുകാരുമെത്തി. എല്ലാവരും ചേർന്ന്​ വെള്ളമൊഴിച്ച് കെടുത്തി ശൗചാലയത്തിൽ എത്തിനോക്കു​മ്പോൾ നാലുപേരുടെയും ജീവനറ്റ ശരീരമാണ്​ കണ്ടതെന്ന്​ രാഹുൽ പറഞ്ഞുനിർത്തു​​മ്പോൾ കണ്ണീർ ചാലിട്ട്​ ഒഴുകുന്നുണ്ടായിരുന്നു. തനിക്ക് മൂന്നല്ല, ഇവരെയും കൂട്ടി അഞ്ച്​ മക്കളാണെന്ന്​ രാഹുല്‍ എപ്പോഴും പറയുമായിരുന്നെന്ന്​ വീട്ടുകാരും പറഞ്ഞു. ഉടുമ്പന്നൂരിലെ കളരിയില്‍ മക്കളെ ചേർത്ത​പ്പോൾ അവരെയും ആയോധനകല പരിശീലിപ്പിക്കാൻ രാഹുലാണ്​ ​കൊണ്ടുപോയിരുന്നത്​. ഫൈസിക്കായും മെഹ്​റിനും അസ്‌നയുമൊന്നുമില്ലാത്ത ഈ നാട്ടില്‍ തനിക്കിനി ജീവിക്കാനാകില്ലെന്ന്​ വരുന്നവരോ​ടൊക്കെ രാഹു​ൽ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നത്​ പലർക്കും നൊമ്പരക്കാഴ്ചയായിരുന്നു. അഫ്​സൽ ഇബ്രാഹിം ​TDG101 ​രാഹുൽ വീടിനുമുന്നിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.