ജോസ്​ കെ. മാണിയുമായി ഭിന്നത: പി.ടി. ജോസ്​ കേരള കോൺഗ്രസ്​ -എം വിടുന്നു

കണ്ണൂർ: കെ.എം. മാണിയുടെ വിശ്വസ്തനും കേരള കോൺഗ്രസ്​ -എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ടി. ജോസ് പാർട്ടി വിടുന്നു. ചെയർമാൻ ജോസ്​ കെ. മാണി മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിലും മലബാർ മേഖലയെ പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ്​ 54 വർഷത്തെ സജീവ പ്രവർത്തനത്തിനുശേഷം കേരള കോൺഗ്രസ്​- എം വിടുന്നത്​​. തിരുവിതാംകൂറിലെ മുതിർന്ന നേതാക്കളെ അവഗണിച്ച്​ ഒരുസംഘം സ്തുതിപാഠകരുടെ വലയത്തിലാണ്​ ജോസ്​ കെ. മാണിയെന്നും കെ.എം. മാണിയുടെ അവസാന കാലത്ത്​ അടുത്ത രാജ്യസഭ സീറ്റ്​ ​ പി.ടി. ജോസിനായിരിക്കുമെന്നും വാഗ്ദാനം നൽകിയതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. കാഞ്ഞിരങ്ങാട്​ നടന്ന പാർട്ടി കണ്ണൂർ ജില്ല ക്യാമ്പിലും ഇക്കാര്യം കെ.എം. മാണി വ്യക്​തമാക്കിയിരുന്നു. എന്നാൽ രാജ്യസഭ സീറ്റ്​ ഒഴിവു വന്നപ്പോൾ ജോസ്​ കെ. മാണിയും വാഗ്ദാനം ആവർത്തിച്ചെങ്കിലും പിന്നീട്​ ബന്ധപ്പെട്ട കമ്മിറ്റികളിൽ പോലും ആലോചിക്കാതെ ജോസ്​ കെ. മാണി തന്നെ സ്ഥാനാർഥിയാകുന്നതാണ്​ കണ്ടത്​. 1968 മുതൽ 54 വർഷമായി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ് പി.ടി. ജോസ്. കെ.എം. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു. 27 വർഷമായി പാർട്ടി ജനറൽ സെക്രട്ടറിയാണ്​. ദീർഘകാലം ജില്ല പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ ഭരണകാലത്ത്​ കെ.എസ്​.എഫ്​.ഇ ചെയർമാനായിരുന്നു. ഏതാനും മാസങ്ങളായി കേരള കോൺഗ്രസി(എം) ന്‍റെ പരിപാടികളിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​. രാജ്യസഭ സീറ്റ്​ പി.ടി. ജോസിന്​ നൽകണമെന്നാവശ്യപ്പെട്ട്​ മലബാർ മേഖലയിലെ ഏഴ്​ ബിഷപ്പുമാർ ജോസ്​ കെ. മാണിക്ക്​ കത്ത്​ നൽകിയെങ്കിലും പരിഗണിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 1977ൽ തൃക്കരിപ്പൂരിലും 1980ൽ സുൽത്താൻ ബത്തേരിയിലും 1982ൽ തളിപ്പറമ്പിലും 2001ൽ പേരാമ്പ്രയിലും മത്സരിച്ചിരുന്നു. .............. മട്ടന്നൂർ സുരേന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.