കങ്ങഴയിലെ അനധികൃത മണ്ണെടുപ്പിനെതിരെ കോണ്‍ഗ്രസ് പാർട്ടി ജിയോളജി വകുപ്പിലും പൊലീസിലും പരാതി നല്‍കി കങ്ങഴ: കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വാഴൂര്‍ മേഖലകളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. ഇതുമൂലം ജലക്ഷാമമെന്ന പരാതിയുമായി നാട്ടുകാർ. നെടുംകുന്നത്ത് ഫെബ്രുവരിയിൽ ഭൂമിക്കടിയില്‍നിന്ന് രണ്ടു പ്രാവശ്യം മുഴക്കമുണ്ടായി. ഇത്തരം പ്രതിഭാസങ്ങൾക്കും കാരണം മണ്ണെടുപ്പാകാമെന്ന് നാട്ടുകാർ പറയുന്നു. കങ്ങഴ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണെടുപ്പ് വ്യാപകമാണ്. മണ്ണെടുത്ത് നീക്കിയ ശേഷം പൊട്ടിച്ചെടുക്കുന്ന പാറകള്‍ വില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിട നിര്‍മാണമെന്ന പേരില്‍ വന്‍തോതില്‍ മണ്ണെടുക്കുന്നതായും ആക്ഷേപമുണ്ട്. കെട്ടിടം നിര്‍മിക്കാനെന്ന വ്യാജേനയാണ് മേഖലയില്‍ കുന്നിടിക്കലും ഖനനവും നടത്തുന്നത്. സ്ഥലം വാങ്ങിയ ശേഷം കെട്ടിടം നിര്‍മിക്കാൻ അനുമതി തേടും. തുടര്‍ന്ന് 20 സെന്റ് സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നതിനായി ജിയോളജി വകുപ്പിന്റെ അനുവാദം നൽകും. ഈ അനുമതിയുടെ പുറത്താണ് വ്യാപക ചൂഷണം നടത്തുന്നത്. 20 സെന്റിന്റെ മറവില്‍ ഏക്കറുകളോളം ഇടിച്ചു നിരത്തുന്നവരുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പാഴാണ് പലതും അനധികൃതമാണെന്ന് വ്യക്തമാകുന്നത്. കുന്നിടിക്കലിന് പിന്നില്‍ പ്രദേശത്തെ ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരു പ്രദേശത്തുനിന്ന് മണ്ണെടുത്ത് നീക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. എടുത്തിട്ട മണ്ണ് അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ ജിയോളജി വകുപ്പ് അനുമതി നല്‍കാവൂവെന്നാണ് നിയമം. എന്നാല്‍, ആദ്യം സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഏകദേശ തുക കണക്കാക്കി അധികൃതര്‍ റോയല്‍റ്റി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന പാസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്രദേശത്തുനിന്ന് എടുക്കുന്ന മണ്ണ് കുട്ടനാട്, ആലപ്പുഴ ഭാഗത്തേക്കാണ് പോകുന്നത്. പുലര്‍ച്ച നാലര മുതല്‍ നൂറുകണക്കിന് ടിപ്പറുകളാണ് മേഖലയിൽ എത്തുന്നത്. അതിനിടെ, കങ്ങഴയിലെ അനധികൃത മണ്ണെടുപ്പിനെതിരെ കോണ്‍ഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റി ജിയോളജി വകുപ്പിലും കറുകച്ചാല്‍ പൊലീസിലും പരാതി നല്‍കി. ------------ പടം കറുകച്ചാല്‍-മണിമല റോഡില്‍ നെടുംകുന്നത്തിന് സമീപം മണ്ണെടുക്കാൻ കിടക്കുന്ന ലോറികളുടെ നിര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.