-സംസ്ഥാനതല പ്രഖ്യാപനങ്ങൾ നേട്ടമാകും കോട്ടയം: വൻ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഒറ്റപ്പെട്ട പദ്ധതികളിലൊതുങ്ങി സംസ്ഥാന ബജറ്റിൽ ജില്ലയുടെ ഇടം. എന്നാൽ, സംസ്ഥാനതല പദ്ധതികളിൽ പലതും ജില്ലക്ക് നേട്ടവുമാകും. ജില്ലയുടെ ജീവനാഡിയായ റബർ കർഷകർക്ക് കാര്യമായ പരിഗണന ബജറ്റിലുണ്ടായില്ല. റബർ താങ്ങുവില 200 രൂപയാക്കണമെന്ന് കർഷകരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ 170ൽനിന്ന് തുക ഉയർത്തിയില്ല. താങ്ങുവില പദ്ധതിക്ക് 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിൽ റബർവില 170 രൂപക്ക് അടുത്താണ്. വില ഏതാനും മാസം കൂടി ഉയര്‍ന്നുനില്‍ക്കാൻ സാധ്യതയെന്നാണ് സൂചനകള്‍. ഇതോടെ, പദ്ധതിപ്രകാരം തുകയൊന്നും കര്‍ഷകര്‍ക്ക് ലഭിക്കില്ല. വെള്ളൂരിലെ സിയാല്‍ മോഡല്‍ റബര്‍ കമ്പനിയെക്കുറിച്ച് പരാമര്‍ശവുമില്ല. അതേസമയം, റോഡ് നിർമാണത്തിൽ റബർ മിശ്രിതം ഉപയോഗിക്കാനായി 50 കോടി അനുവദിച്ചിട്ടുണ്ട്. പ്രളയം തകർത്തെറിഞ്ഞ മേഖലകൾക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചില്ല. മൂന്നുകോടി വകയിരുത്തിയ കോട്ടയത്തെ സെന്‍റര്‍ ഫോര്‍ പ്രഫഷനല്‍ ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗ്രഡ് ടെസ്റ്റ് ലബോറട്ടിയാണ് പുതിയ പദ്ധതി. സ്‌കൂള്‍ ഓഫ് എജുക്കേഷനെയാണ് പുതിയ മാനേജ്മെന്റിന് കീഴിൽ സെന്‍റർ ഫോര്‍ പ്രഫഷനല്‍ ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസായി മാറിയത്. ഇതിനുശേഷമുള്ള വലിയ പരിഗണന കൂടിയാണിത്. വൈക്കത്തെ പി. കൃഷ്ണപിള്ള സ്മാരകത്തിന് തുക അനുവദിച്ചതും ശ്രദ്ധേയമായി. കൃഷ്ണപിള്ളയുടെ വീടിരുന്ന വൈക്കത്തെ 16.5 സെന്‍റ് സ്ഥലം കുടുംബാംഗങ്ങളില്‍നിന്ന് സി.പി.ഐ വിലയ്ക്ക് വാങ്ങി കൃഷ്ണപിള്ള സ്മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബജറ്റിൽ പി. കൃഷ്ണപിള്ള സ്മാരകത്തിന് തുക അനുവദിച്ചത്. ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. ഇവയൊഴിച്ചുള്ള പദ്ധതികളെല്ലാം നേരത്തേ ബജറ്റിൽ പരാമർശിച്ചിട്ടുള്ളവയോ പ്രഖ്യാപിച്ചിട്ടുള്ളവയോ ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുൻ ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർച്ചയായി കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ്, ശബരിമല വിമാനത്താവളം എന്നിവക്ക് തുക നീക്കിവെച്ചിട്ടുണ്ട്. മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന് രണ്ടുകോടിയും അനുവദിച്ചു. അതേസമയം, സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന പല പദ്ധതികളുടെ ഗുണവും ജില്ലക്ക് ലഭിക്കും. രണ്ടാം കുട്ടനാട് പാക്കേജ് മുതല്‍ നെല്ലിന്‍റെ താങ്ങുവില വര്‍ധന പ്രഖ്യാപനമുള്‍പ്പെടെയുള്ളവയുടെ പ്രയോജനം കോട്ടയത്തിനുണ്ടാകും. നെല്ലിന്‍റെ താങ്ങുവില 28.20 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ ഇതിന് 50 കോടിയാണ് മാറ്റിവെച്ചത്. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചതിലൊരു വിഹിതവും ജില്ലയിലേക്കെത്തും. ജലാശയങ്ങളുടെ അടിത്തട്ടിലെ പ്ലാസ്റ്റിക് മാലിന്യങൾ നീക്കുന്ന ശുചിത്വ സാഗരം പദ്ധതി, നദികളുടെയും കായലുകളുടെയും അടിത്തട്ട് ശുചീകരിക്കും എന്നീ പ്രഖ്യാപനങ്ങളും നേട്ടമാകും. എല്ലാ ജില്ലയിലും തൊഴിൽ സംരംഭക കേന്ദ്രം, സ്കിൽ പാർക്കുകൾ, എല്ലാ നിയമസഭ മണ്ഡലത്തിലും സഞ്ചരിക്കുന്ന റേഷൻ കടകൾ, 140 കോടി ചെലവിൽ എല്ലാ നിയമസഭ മണ്ഡലത്തിലും സ്കിൽ കോഴ്സുകൾ, വന്യജീവി അക്രമങ്ങളിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം എന്നിങ്ങനെയുള്ള പദ്ധതികളുടെ ഗുണഫലവും ജില്ലയിലേക്കെത്തും. എം.സി റോഡ് വികസനം, ചാമ്പ്യൻസ് ബോട്ട് ലീഗ്, വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ എന്നിവയും കോട്ടയത്തിന് നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.