തിരുവനന്തപുരം: പൊലീസ് സേനയെതന്നെ ഞെട്ടിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്‍റെ പേരിലും ഓണ്‍ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽനിന്നും സംഘം തട്ടിയത് 14 ലക്ഷം രൂപ. ഉത്തരേന്ത്യൻ ലോബി നടത്തിയ ഈ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയുള്ള തട്ടിപ്പുകൾ നിരവധി നടന്നിട്ടുണ്ട്. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി നടത്തിയ തട്ടിപ്പിൽ പൊലീസ് തന്നെ ഞെട്ടിയിരിക്കുകയാണ്. ഓണ്‍ലൈൻ ലോട്ടറി അടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ലഭിച്ച സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്‍റെ തുടക്കം. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് തട്ടിപ്പ് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ച് സന്ദേശമയച്ചപ്പോള്‍ പിന്നാലെയെത്തിയത് ഡി.ജി.പിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടുമെന്നും ഡി.ജി.പിയുടെ ചിത്രം വച്ചുള്ള വാട്സ് ആപ് സന്ദേശത്തിൽ വ്യക്തമാക്കി. ഡി.ജി.പിയുടേതെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം മാറ്റാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡി.ജി.പി അന്ന് ഡൽഹിയിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. അതോടെ സന്ദേശമയക്കുന്നത് ഡി.ജി.പിയാണെന്ന് ഉറപ്പിച്ച അധ്യാപിക തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുരുങ്ങി. അങ്ങനെ പണവും നഷ്ടമായി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽനിന്നാണ് വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പു നടത്തിയെന്ന് ഹൈടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് സംഘത്തിനായി പൊലീസ് അന്വേഷണവും ആരംഭിച്ചു. സൈബർ തട്ടിപ്പിൽ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഇപ്പോള്‍ തട്ടിപ്പ് നടന്നിരിക്കുന്നത് എന്നത് പൊലീസിനും നാണക്കേടായിട്ടുണ്ട്. മുമ്പ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പല ഉന്നതരുടേയും പേരിൽ നടത്തിയ തട്ടിപ്പുകളിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.