പള്ളി പിടിച്ചെടുക്കുമെന്ന്​ അഭ്യൂഹം; കിടങ്ങ്​ തീർത്ത്​ യാക്കോബായ വിഭാഗം

കോന്നി: പത്തനംതിട്ട വി. കോട്ടയം സൻെറ് മേരീസ് യാക്കോബായ സിറിയൻ​ പള്ളി ഏറ്റെടുക്കുന്നതിനെതിരെ പ്രതിരോധം തീർത്ത്​ യാ​ക്കോബായ വിഭാഗം. ശനിയാഴ്​ച രാവിലെ മുതൽ യാക്കോബായ​ വിഭാഗക്കാർ വൻതോതിൽ​ പള്ളിയിൽ തടിച്ചുകൂടി​​. പള്ളിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താൻ കവാടത്തിനു മുന്നിൽ കിടങ്ങ്​ തീർത്തു​. ഒടുവിൽ ഓർത്തഡോക്​സ്​ വിഭാഗക്കാർ എത്തില്ലെന്ന്​ ഉറപ്പായതോടെയാണ്​ സംഘർഷാവസ്ഥക്ക്​ അയവുവന്നത്​. പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്​സ്​ വിഭാഗം വൈദികനും ഇടവകാംഗങ്ങളും എത്തുമെന്ന്​ കരുതിയാണ്​ യാക്കോബായ വിഭാഗം തടിച്ചത്​. 115 വർഷമായി യാക്കോബായ വിശ്വാസികൾ ആരാധന നടത്തുന്നിടമാണ്​ വി.കോട്ടയം അന്തിച്ചന്ത സൻെറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയെന്ന്​ പള്ളി ഭാരവാഹികൾ അവകാശപ്പെട്ടു. രണ്ടു ദിവസമായി റവന്യൂ അധികാരികളും പൊലീസും നിരന്തരം എത്തി പള്ളിയിലെ വൈദികരോടും പള്ളി അധികാരികളോടും എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോയെന്ന് ചോദിച്ചതോടെയാണ് ഇടവക പള്ളി ഓർത്തഡോക്സ് സഭ പിടിച്ചെടുക്കുമെന്ന് വാർത്ത പരന്നത്​. ഇതോടെ വിശ്വാസികൾ സംഘടിക്കുകയായിരുന്നു. സ്​ത്രീകളും കുട്ടികളും വയോധികരും അടക്കമാണ്​ പള്ളിയിൽ തടിച്ചുകൂടിയത്​. ശനിയാഴ്ച 11.30ഓടെ കോന്നി തഹസിൽദാറുടെ നേതൃത്വത്തിൽ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസുമായി ചർച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് നൽകാൻ സർക്കാർ പ്രതിനിധികൾക്ക് സാധിക്കാത്തതിനെ തുടർന്ന് വിശ്വാസികൾ മടങ്ങിപ്പോയിട്ടില്ല. പള്ളിയുടെ പരിധിയിൽ 230ഓളം ഇടവക കുടുംബങ്ങളാണുള്ളത്​. ഒരൊറ്റ അംഗവും ഓർത്തഡോക്സ് വിഭാഗത്തിൽ ഇല്ലെന്നാണ് ഇടവക അംഗങ്ങളുടെ വാദം. അതുകൊണ്ട് പുറത്തുനിന്ന് ആരെയും പള്ളിയിൽ കയറ്റില്ലെന്ന നിലപാടിലാണ് ഇവർ. ഓർത്തഡോക്​സ്​ വിഭാഗം വൈദികൻ റോയി മാത്യുവോ ഇടവകാംഗങ്ങളോ ശനിയാഴ്​ച എത്തുമെന്ന അഭ്യൂഹമാണ്​ പരന്നത്​. കോന്നി തഹസിൽദാറും വില്ലേജ്​ ഓഫിസറും അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്​ എത്തിയിരുന്നു. ഇവർ പള്ളി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.