പെട്ടിമുടി: വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല -പുന്നല

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ.പി.എം.എസ്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിലെ വിമാനദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിതർക്ക്​ പ്രഖ്യാപിച്ച അഞ്ചുലക്ഷം അടിയന്തര സഹായമാണെന്നും നഷ്​ടം കണക്കാക്കി റിപ്പോര്‍ട്ട്​ ലഭിച്ചാലുടന്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദുരന്തമേഖലയിലേക്ക് വൈകിയെത്തിയ അദ്ദേഹം കൂടുതലൊന്നും നല്‍കില്ലെന്ന​ നിലപാടാണ്​ സ്വീകരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായം പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുഖ്യമന്ത്രി, കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ഇന്ത്യയുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും സഹായം വിസ്മരിച്ചതെന്താണെന്നുകൂടി വ്യക്തമാക്കണം. ദുരിതബാധിതര്‍ക്ക് മതിയായ നഷ്​ടപരിഹാരവും സമഗ്ര പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ അഡ്വ. എ. സനീഷ് കുമാർ, കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, സാബു കൃഷ്ണൻ, പി. രാജേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.