കുഴഞ്ഞുവീണ്​ മരിച്ച പൊതുപ്രവർത്തകന് പോസ്​റ്റ്​മോർട്ടത്തിനും സംസ്കാരത്തിനും ശേഷം കോവിഡ് സ്ഥിരീകരിച്ചു

വൈക്കം: കുഴഞ്ഞുവീണ്​ മരിച്ച പൊതുപ്രവർത്തകന് പോസ്​റ്റ്​മോർട്ടത്തിനും സംസ്കാരത്തിനും ശേഷം കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേർ നിരീക്ഷണത്തിൽ. ഉദയനാപുരം ഇത്തിപ്പുഴ സ്വദേശിയായ 46കാരനാണ് തിങ്കളാഴ്ച പുലർച്ച മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തുടർന്ന് പോസ്​റ്റ്​മോർട്ടത്തിനും മറ്റ് നടപടിക്കുമായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ കോവിഡ് പരിശോധനക്ക്​ സ്രവമെടുത്തു. വൈകീ​േട്ടാടെ കോവിഡ് നെഗറ്റിവാണെന്ന ഫലം വന്നു. ചൊവ്വാഴ്ച പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ ജനപ്രതിനിധികളടക്കം ധാരാളം ആളുകൾ പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് കോവിഡ് പോസിറ്റിവാണെന്ന ഫലം വന്നത്. ആദ്യം വന്ന നെഗറ്റിവ് ഫലം ട്രൂനാറ്റ് പരിശോധനയുടേതായിരുന്നു. ഒപ്പം നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലമാണ് പോസിറ്റിവായത്. ഈ പരിശോധനക്ക് ട്രൂനാറ്റിനെ അപേക്ഷിച്ച് കൃത്യത കൂടുതലായിരിക്കും. പോസിറ്റിവാണെന്ന വിവരം പുറത്തുവന്നത് വലിയ ആശങ്കക്കിടയാക്കിയിരിക്കുകയാണ്. പോസ്​റ്റ്​മോർട്ടം ചെയ്ത താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ഇൻക്വസ്​റ്റ്​ തയാറാക്കിയ ഒരു എസ്.ഐയും മൂന്ന് സിവിൽ പൊലീസ് ഓഫിസർമാരും സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അടക്കം നിരവധി പൊതുപ്രവർത്തകരും നിരീക്ഷണത്തിലായി. സി.പി.എം പ്രവർത്തകനായിരുന്ന ഗൃഹനാഥൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നതെങ്കിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.