കോട്ടയം: അധികാര വികേന്ദ്രീകരണം അർഥപൂർണമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന് മന്ത്രി വി.എൻ. വാസവൻ. കഴിഞ്ഞ സാമ്പത്തികവർഷം പ്രവർത്തനമികവ് കൈവരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കാൻ സംഘടിപ്പിച്ച 'സമന്വയം 2022' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ലഭ്യമാക്കാനുതകുന്ന നൈപുണ്യ സ്ഥാപനങ്ങൾ തദ്ദേശതലത്തിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം വാർഷിക പദ്ധതിത്തുക 100 ശതമാനം ചെലവഴിച്ച വൈക്കം നഗരസഭ, ഉഴവൂർ, മാടപ്പള്ളി, ളാലം, വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും 22 ഗ്രാമപഞ്ചായത്തുകളെയും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ജില്ല പഞ്ചായത്തിനെയും ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. ജില്ലയിൽ വസ്തു നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ച എട്ട് പഞ്ചായത്തുകൾ, മേൽനോട്ടം വഹിച്ച വാർഡംഗം, വാർഡ് ക്ലർക്ക്, നിർവഹണ ഉദ്യോഗസ്ഥർ, സംസ്ഥാന-ജില്ല തലത്തിൽ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരെയും ആദരിച്ചു. ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചതിന് ദാരിദ്ര്യലഘൂകരണം വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോക്ക് പുരസ്കാരം നൽകി. ശുചിത്വ മാലിന്യ പരിപാലനത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം മാടപ്പള്ളി പഞ്ചായത്ത് കരസ്ഥമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് പി.വി. സുനിൽ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്‍റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല, ജില്ല പഞ്ചായത്തംഗം പ്രഫ. ഡോ. റോസമ്മ സോണി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, എക്‌സിക്യൂട്ടിവ് എൻജിനീയർ അശോകൻ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫോട്ടോ: KTL samanvyayam 2022 'സമന്വയം 2022' പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.