ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: അതീവസുരക്ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ്​ ചെയ്തു. ഏറ്റുമാനൂര്‍ മങ്കരകലുങ്ക് സ്വദേശി കൊച്ചുപുരയ്ക്കല്‍ തോമസ് സെബാസ്റ്റ്യനാണ്(37) അറസ്റ്റിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആര്‍.പ്രകാശ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. യു.കെയില്‍ നഴ്‌സായ തോമസ് തന്‍റെ യുട്യൂബ് ചാനലിന് വേണ്ടിയാണ് ക്ഷേത്രത്തിന്‍റെ ദൃശ്യം പകര്‍ത്തിയതെന്നാണ് വിവരം. ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തുന്നത് വഴി ക്ഷേത്രത്തിന്റെ മാതൃകയും, ഘടനയും പുറത്ത് പോകുമെന്നും ഇത് സുരക്ഷക്ക്​ ഭീഷണിയാകുമെന്നുമുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രോണിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്​ തന്നെ നിരോധനം ഏര്‍പ്പെടുത്തിയത്. മുമ്പ്​ വിവാഹ ഷൂട്ടിങിനെത്തിയവര്‍ ഹെലിക്യാം ഉപയോഗിച്ച് ക്ഷേത്ര ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. തുടർന്ന്​ ഹെലിക്യാം നിരോധിച്ച്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ അനുമതി ഇല്ലാതെ ദൃശ്യം പകര്‍ത്താനുള്ള ശ്രമം അന്വേഷണ വിധേയമാക്കണമെന്ന് ക്ഷേത്ര വിശ്വാസികള്‍ ആവശ്യപ്പെട്ടു. അതേസമയം ദുരുദ്ദേശ്യത്തോടെയല്ല, നിരോധനത്തെ കുറിച്ച് അറിയാതെയാണ് ഇയാള്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതെന്നും, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന്​ ക്ഷേത്ര ഉപദേശക സമിതിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.