കോതനല്ലൂര്‍ ഫൊറോന പള്ളിയിൽ ഇരട്ടകളുടെ സംഗമം

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച്​ നടന്ന ഇരട്ടസംഗമത്തിനെത്തിയത് 432 ജോടി ഇരട്ടകള്‍. ഏഴ് ജോടി മൂവര്‍ സംഘവും സംഗമത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി കുറുമ്പനാടം കരികണ്ടത്തില്‍ മെബിന്‍-അശ്വതി ദമ്പതികളുടെ മക്കളായ കഴിഞ്ഞ മാര്‍ച്ച് 26ന് ജനിച്ച ഏദനും നഥാനുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. 1948 നവംബര്‍ 19ന് ജനിച്ച അന്നമ്മ ജോസഫ്, റോസമ്മ ജോസഫ് സഹോദരിമാരാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. നാല് ജോടി വൈദികരും രണ്ട് ജോടി സിസ്റ്റർമാരും സംഗമത്തില്‍ പങ്കെടുത്തു. ഇരട്ടകള്‍ ഇരട്ടകളെ ജീവിതപങ്കാളികളാക്കിയ ആറ് ജോടി ദമ്പതികളും സംഗമത്തിലെത്തി. ഇരട്ട വൈദികരുടെ കാര്‍മികത്വത്തിലാണ് സമൂഹബലി നടന്നത്. തിരുനാള്‍ പ്രദക്ഷിണത്തില്‍ തിരുശേഷിപ്പ് വഹിച്ചതും ഇരട്ട വൈദികരായിരുന്നു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ട സഹോദരങ്ങളെ കന്തീശങ്ങള്‍ക്ക് സമര്‍പ്പിച്ച ശുശ്രൂഷ ഇരട്ട വൈദികനായ ഫാ. തോമസ് ചൂളപ്പറമ്പില്‍ നിര്‍വഹിച്ചു. തിരുനാളിനും ഇരട്ടസംഗമത്തിനും വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, സഹവികാരി ഫാ. തോമസ് പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 35 ജോടികളുമായി ഫാ. ജോസഫ് പുത്തൻപുര വികാരിയായിരിക്കെ 2007ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.