ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്നുതവണ

ഏറ്റുമാനൂര്‍: വിദ്യാര്‍ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാനുള്ള മന്ത്രിയുടെ ​ശ്രമത്തിന്​ മുന്നിൽ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും മൂന്നുതവണ സുല്ലിട്ട് കുട്ടിക്കൂട്ടം. ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനവേദിയിലാണ് വ്യത്യസ്ത ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. എന്‍. വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍, ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ഥിനികള്‍ക്കായി. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാർ ആരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉരുളക്ക്​ ഉപ്പേരിപോലെ കുട്ടികളുടെ മറുപടി. ഒരു മണിക്കൂറോളം കുട്ടികളുമായി സംവദിച്ച് ഏഴ് കവിതാശകലങ്ങള്‍ ചൊല്ലിയും ഉത്തരം മുട്ടിച്ച ഒരു കടങ്കഥ ചോദ്യവുമടക്കം 15 ചോദ്യങ്ങള്‍ ചോദിച്ചാണ് മന്ത്രി മടങ്ങിയത്. വിജയികള്‍ക്ക് ഫലകവും പുസ്തകവും സമ്മാനമായി നല്‍കി. ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന വായനമരം തത്സമയ ക്വിസ് മത്സര പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. പി.കെ. ജയശ്രീ വായനദിനസന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ബീന, നഗരസഭാംഗങ്ങളായ രശ്മി ശ്യാം, ഇ.എസ്. ബിജു, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്​ ബാബു കെ. ജോര്‍ജ്, സെക്രട്ടറി എന്‍. ചന്ദ്രബാബു, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി പി.ജി.എം. നായര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ.വി.വി. മാത്യു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ സി. വിനോദ് കുമാര്‍, എം.ആര്‍.എസ് സൂപ്രണ്ട് അഞ്ജു എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളുകളില്‍ ഇന്ന് വായനദിന പ്രതിജ്ഞ കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്‌കൂളിലും തിങ്കളാഴ്ച രാവിലെ 10ന് വിദ്യാര്‍ഥികള്‍ വായനദിന പ്രതിജ്ഞയെടുക്കും. പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനദിനത്തിന്‍റെ പ്രാധാന്യം വിവരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. പക്ഷാചരണത്തോടനുബന്ധിച്ച് വായന ക്ലബ് രൂപവത്​കരണം, സാഹിത്യകാരന്മാരുമായി സംവാദം, വായന ചര്‍ച്ച, വായനമൂല, പുസ്തകപേരു കളി, ചങ്ങല വായന, കാവ്യകേളി, കഥ, കവിത തര്‍ജമ ചെയ്യല്‍, ആസ്വാദനക്കുറിപ്പ് തയാറാക്കല്‍ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ പറഞ്ഞു. KTL VAYANADINAM- വായനപക്ഷാചരണ ജില്ലതല ഉദ്ഘാടനം ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മന്ത്രി വി.എന്‍. വാസവന്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.