ഏറ്റുമാനൂരില്‍ സ്‌കൂള്‍ പരിസരത്ത് അപകടഭീഷണിയുമായി വാകമരം

ഏറ്റുമാനൂര്‍: സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത് അപകടഭീഷണി ഉയര്‍ത്തി വാകമരം. കനത്ത മഴ തുടരുന്നതിനാൽ വിദ്യാർഥികളും അധ്യാപകരും ആശങ്കയിലാണ്​. മരം അപകടാവസ്ഥയിലാണെന്നും വെട്ടിമാറ്റണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പിന്‍റെ കീഴിലാണ്​ സ്കൂൾ. സ്‌കൂളിന്​ പുറത്ത്​ റോഡരികിലെ പുറമ്പോക്ക് ഭൂമിയിലാണ് മരം നില്‍ക്കുന്നത്. സ്‌കൂളിലേക്ക്​ ചരിഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരത്തിന് താഴെയാണ് കുട്ടികളുടെ ഓപണ്‍ ജിം പ്രവര്‍ത്തിക്കുന്നത്. മരം അപകടാവസ്ഥയിലായതോടെ ഇവിടേക്ക്​ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നില്ല. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ മരം ഏതുസമയത്തും നിലംപൊത്താമെന്ന്​ സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 250തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കനത്ത മഴക്കും കാറ്റിനും മുമ്പ്​ മരം വെട്ടിമാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാരും മുന്നറിയിപ്പ് നല്‍കുന്നു. -- പലപ്രാവശ്യം പരാതിനല്‍കി സ്‌കൂള്‍ കോമ്പൗണ്ടിന് വെളിയിലാണ് മരം നില്‍ക്കുന്നത് അതുകൊണ്ടുതന്നെ വെട്ടിമാറ്റാനോ ചില്ലകളിറക്കാനോ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയില്ല. നഗരസഭക്ക്​ പലപ്രാവശ്യം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മരം പി.ഡബ്ല്യു.ഡി ഉടമസ്ഥതയിലാണെന്നാണ് അവരുടെ മറുപടി. ഇത്തവണ പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തിനും കലക്ടര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ജു എസ്.നായര്‍ ജൂനിയര്‍ സൂപ്രണ്ട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏറ്റുമാനൂര്‍ ---------- പടം KTL ETTU ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത്​ അപകടഭീഷണി ഉയർത്തുന്ന വാകമരം ---------- ശാലിനിക്കും മക്കള്‍ക്കും വീടിന്‍റെ സുരക്ഷിതത്വം ഏറ്റുമാനൂര്‍: മഴയും കാറ്റുമെത്തുമ്പോള്‍ ഇനി അയല്‍വീടുകളിലേക്ക്​ ഓടണ്ട, മക്കളുടെ പുസ്തകവും ബുക്കുമൊക്കെ നനയുമെന്ന ഭയവും വേണ്ട. ശാലിനി ചന്ദ്രനും മക്കള്‍ക്കും സ്വപ്‌നഭവനം നിര്‍മിച്ചുനല്‍കി മാന്നാനം എസ്.എന്‍.ഡി.പി ശാഖായോഗം. പടുത വലിച്ചുകെട്ടിയ വീട്ടില്‍ മഴയും വെയിലുമേറ്റ് മക്കളുമായി ആരോടും പരാതിപറയാതെ കഴിയുകയായിരുന്നു മാന്നാനം പ്ലാത്താനത്ത് വീട്ടില്‍ ശാലിനി ചന്ദ്രനും കുടുംബവും. രണ്ടുവര്‍ഷം മുമ്പാണ് ഭര്‍ത്താവ് ചന്ദ്രന്‍ മരണപ്പെട്ടത്. സംസ്‌കാര ചടങ്ങിന്​ എത്തിയപ്പോഴാണ് ഇവരുടെ ദുരവസ്ഥ എസ്.എന്‍.ഡി.പി ശാഖയോഗം നേതാക്കള്‍ അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിന്‍റെ താക്കോല്‍ദാനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. എസ്.എന്‍.ഡി.പി കോട്ടയം യൂനിയന്‍ പ്രസിഡന്‍റ്​ എം. മധു അധ്യക്ഷതവഹിച്ചു. യൂനിയന്‍ സെക്രട്ടറി ആര്‍. രാജീവ്, ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, പഞ്ചായത്ത് അംഗങ്ങളായ രാജമ്മ തങ്കച്ചന്‍, അമ്പിളി പ്രസാദ്, ഹരി പ്രസാദ്, സജി തടത്തില്‍, ഷാജി ജോസഫ്, മാന്നാനം ശാഖ പ്രസിഡന്‍റ്​ സജീവ് കുമാര്‍, സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ----- KTL MANNANAM VEEDU മാന്നാനം എസ്.എന്‍.ഡി.പി ശാഖായോഗം നിർമിച്ച വീടിന്‍റെ താക്കോൽ മന്ത്രി വി.എൻ. വാസവൻ, ശാലിനിക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.