കൊല്ലം: മാരക ലഹരിഗുളികകളും എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ 16/1ൽ ശരത്താണ് (25) പൊലീസ് പിടിയിലായത്. നഗരത്തിൽ കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ ലഹരിപരിശോധനയിൽ കഴിഞ്ഞദിവസം രാത്രി ട്രെയിനിൽ മുംബൈയിൽനിന്ന് കൊല്ലത്ത് എത്തി ലഹരിമരുന്നുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാൾ പിടിയിലായത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കർശന പരിശോധനക്ക് ജില്ല പൊലീസ് മേധാവി വിവേക് കുമാർ നിർദേശം നൽകിയതിന്റെ ഭാഗമായാണ് പ്രതി പിടിയിലായത്.
ഇയാളിൽനിന്ന് 16.40 ഗ്രാം എം.ഡി.എം.എയും 10 എണ്ണം വീതം കൊള്ളുന്ന 1690 സ്ട്രിപ് മാരക ലഹരിഗുളികളും പൊലീസ് കണ്ടെടുത്തു.
ഇയാൾ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഇയാൾ കച്ചവടം നടത്തിയിരുന്നു.
മൂന്ന് ഗുളികകൾ 500 രൂപക്കും ഒരു ഗ്രാം എം.ഡി.എം.എ 3000 മുതൽ 5000 രൂപക്കുമാണ് വിൽപന നടത്തിയിരുന്നത്. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്നുകൾ വിതരണം നടത്തുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഡാൻസാഫ്: 9497980220 എന്ന നമ്പറിൽ ഫോൺ കാളിലൂടെയോ വാട്സ്ആപ് സന്ദേശമായോ കൈമാറാവുന്നതാണ്.
ജില്ലയിലെ ആന്റി നാർകോട്ടിക് ചുമതല വഹിക്കുന്ന എ.സി.പി സക്കറിയ മാത്യുവിന്റെയും എസ്.ഐ കണ്ണൻ പ്രകാശിന്റെയും നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.