പുനലൂർ: പുനലൂർ-മൂവാറ്റുപുഴ കെ.എസ്.ടി.പി പാത നവീകരണം ഇഴയുന്നത് യാത്രക്കാരുടെ ദുരിതം കൂട്ടുന്നു. ശബരിമല സീസൺ തുടങ്ങാൻ നാലാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകർ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. പുനലൂർ- കോന്നി റൂട്ടിൽ 30 കിലോമീറ്ററോളം ഭാഗത്ത് പ്രതീക്ഷിച്ച നിലയിൽ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നില്ല. രണ്ടുവർഷം മുമ്പ് തുടങ്ങിയ നിർമാണം ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ്.
മതിയായ തൊഴിലാളികളുടെ അഭാവവും പ്രതികൂല കാലാവസ്ഥയും നിർമാണം വൈകാൻ പ്രധാന കാരണമാണ്. പണി നീളുന്നതിനെതിരെ പൊതുജനങ്ങളും പുനലൂർ നഗരസഭയും പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കെ.എസ്.ടി.പിയുടെ ഉന്നത അധികൃതർ ഇവിടെയെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷവും കാര്യമായ മാറ്റമില്ലെന്ന് നാട്ടുകാർ പറയുന്നു.
പുനലൂർ-പത്തനാപുരം റോഡിൽ വാഴത്തോപ്പ് പിറവന്തൂർ, നെല്ലിപ്പള്ളി എന്നിവിടങ്ങളിൽ കുറച്ചുദൂരത്ത് ആദ്യ ഘട്ടം ടാറിങ് നടത്തി. പലഭാഗത്തും ഓടയുടെ ഉൾപ്പെടെ പണി തുടങ്ങിയിട്ടില്ല. സെപ്റ്റംബർ 27ന് നഗരസഭയിൽ നടന്ന അവലോകന യോഗത്തിൽ ഒക്ടോബർ 10നകം പുനലൂർ മുതൽ നെല്ലിപ്പള്ളി വരെ ഒന്നര കിലോമീറ്ററോളം ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിട്ടും നടന്നില്ല. ടൗൺ അതിർത്തിയായതിനാൽ ഈ ഭാഗത്തെ തടസ്സങ്ങൾ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു.
ഇതിനിടയിൽ കുറച്ചുഭാഗത്ത് മണ്ണ് നിരത്തിയതല്ലാതെ ശേഷിക്കുന്നത് പഴയ അവസ്ഥയിലാണ്. ഇതുകാരണം പാതയിൽ മിക്കയിടത്തുമുള്ള വെള്ളക്കെട്ടും പൊടിയും ചളിയും കുഴിയും അപകടത്തിനിടയാക്കുന്നു. ഇവിടെയുള്ള കടക്കാരും മറ്റു സ്ഥാപനങ്ങളിലുമുള്ളവർ വിഷമിക്കുകയാണ്. കെ.എസ്.ടി.പി അധികൃതരുടെ ഉദാസീനത മൂലമാണ് നിർമാണം വൈകുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.