നിർമിച്ച് രണ്ടര മാസത്തിനുള്ളിൽ തകർന്ന ശാസ്താംകോട്ട
ഊക്കൻ മുക്ക്-മണക്കാട്ട് മുക്ക് ബൈപാസ് റോഡ്
ശാസ്താംകോട്ട: നിർമിച്ച് രണ്ടര മാസത്തിനുള്ളിൽ റോഡ് തകർന്നു യാത്ര ദുഷ്കരമായി. ബൈപാസ് റോഡെന്ന് അറിയപ്പെടുന്ന ഊക്കൻ മുക്ക്-മണക്കാട്ട് മുക്ക് റോഡാണ് രണ്ടര മാസത്തിനുള്ളിൽ ശോച്യാവസ്ഥയിലേക്കെത്തിയത്. രണ്ടാം ഘട്ടമായി നിർമിച്ച അശ്വതി ജങ്ഷൻ മുതൽ മണക്കാട്ട് മുക്ക് വരെയുള്ള 300 മീറ്റർ ഭാഗത്താണ് റോഡ് നശിച്ചുതുടങ്ങിയത്.
പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടു. മഴക്കാലം കൂടി ആയതോടെ കൂടുതൽ ഭാഗം തകരുന്ന സാഹചര്യമാണ്. ഏപ്രിൽ അവസാനത്തോടെയാണ് ടാറിങ് പൂർത്തീകരിച്ചത്. ഊക്കൻ മുക്ക് മുതൽ അശ്വതി ജങ്ഷൻ വരെയുള്ള 800 മീറ്റർ ദൂരം നേരത്തേ ടാർ ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ചെയ്ത ഭാഗം തകർന്ന് തുടങ്ങിയതോടെ റോഡ് നിർമാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ജില്ല പഞ്ചായത്ത് ആദ്യഘട്ട ടാറിങ്ങിന് 45 ലക്ഷം രൂപയും രണ്ടാം ഘട്ടമായി 18.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 300 മീറ്റർ പഴയ രീതിയിലുള്ള ടാറിങ് ചെയ്യാൻ 18.5 ലക്ഷം രൂപ അനുവദിച്ചതുതന്നെ അഴിമതിക്ക് കളമൊരുക്കാനാണെന്ന ആക്ഷേപവും ഉയർന്നു. വേണ്ടത്ര ടാർ ചേർക്കാതെയാണ് നിർമാണം നടത്തിയതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. കൊല്ലം-തേനി ദേശീയപാതയേയും ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.