കൊല്ലം: പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആശ്രാമം മൈതാനത്ത് നടത്തി. 249 വാഹനങ്ങൾ പരിശോധിച്ചതിൽ സർവിസ് നടത്തുന്നതിന് അനുയോജ്യമായി കണ്ടെത്തിയ 160 വാഹനങ്ങൾക്ക് ‘ചെക്ക്ഡ് സ്ലിപ്’ നൽകി.
വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് പ്രവർത്തനരഹിതമായ 70 വാഹനങ്ങൾ കണ്ടെത്തി. ഫ്ലാറ്റ് ഫോംസീറ്റുകൾ, ടയർ, ലൈറ്റുകൾ, ബ്രേക്ക് സിസ്റ്റം, ഫയർ എസ്റ്റിങ്ഗ്വിഷർ, സ്പീഡ് ഗവർണർ, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ പ്രവർത്തനക്ഷമമല്ല എന്ന് കണ്ടെത്തിയ 19 വാഹനങ്ങൾക്ക് ഫിറ്റ്നസ് നിരസിച്ചു. ഇവ പുനഃപരിശോധനക്കായി 28ന് രാവിലെ എട്ടിന് ആശ്രാമം മൈതാനത്ത് ഹാജരാക്കാൻ നിർദേശം നൽകി.
തുടർന്ന് സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കും ഡോർ അറ്റൻഡർമാർക്കും റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും അഹല്ല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും മോട്ടോർവാഹന വകുപ്പും സംയുക്തമായി ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി.
കൊല്ലം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എൻ.സി. അജിത്കുമാറിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബിന്ദു, സൂരജ് (മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ) എന്നിവർ റോഡ് സുരക്ഷാബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ വാഹങ്ങളുടെ പരിശോധനയിൽ എം.വി.ഐമാരായ ഡി. ശ്രീകുമാർ, സൂരജ്, ബിജു, എ.എം.വി.ഐമായ വി.എസ്. പരി സിമോദ്, ദിനൂപ്, കെ.ആർ. റെജി, രാജേഷ്, സുജിത് ജോർജ്, അശോക് കുമാർ, സിബി, ആർ. രാജേഷ്, രൂപേഷ്, രമേശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.