കരുനാഗപ്പള്ളിയിൽ കോടതി മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ കെട്ടിടസൗകര്യങ്ങൾ ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ
പരിശോധിക്കുന്നു
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന കോടതി പ്രവർത്തിക്കുന്ന കെട്ടിടഭാഗം പൊളിച്ചുമാറ്റേണ്ടിവരുന്ന സാഹചര്യത്തിൽ താൽക്കാലികമായി വിവിധ കോടതികൾ മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ജില്ല ജഡ്ജി എൻ.പി. സ്നേഹലത, സബ് ജഡ്ജി കെ.എസ്. സുജിത്ത് എന്നിവർ സന്ദർശനം നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭ സെക്രട്ടറി എ. ഫൈസൽ എന്നിവരും പങ്കെടുത്തു.
പുതിയ മുനിസിപ്പൽ ടവർ നിർമാണം പൂർത്തിയാകുന്നതോടെ നഗരസഭ കാര്യാലയം അവിടേക്ക് മാറും. ഈ സാഹചര്യത്തിൽ നിലവിലുള്ള മുനിസിപ്പൽ ഓഫിസിന്‍റെ ഇരു നിലകളിലായി കോടതികൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം താൽക്കാലികമായി സജ്ജമാക്കാൻ കഴിയുമോ എന്നാണ് ജഡ്ജിമാർ പരിശോധിച്ചത്. ഇവിടെ പാർക്കിങ്ങിനുൾപ്പെടെ സൗകര്യമൊരുക്കേണ്ടിവരുമെന്ന് ജില്ല ജഡ്ജി മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.
നിലവിലെ മുനിസിപ്പൽ കെട്ടിടത്തിന്‍റെ ഒരുഭാഗം ദേശീയപാതവികസനത്തിനായി പൊളിക്കേണ്ടിവരുമെങ്കിലും പ്രധാന കെട്ടിടം സംരക്ഷിക്കപ്പെടും. ഇവിടെ കോടതിയുടെ പ്രവർത്തനം താൽക്കാലികമായി തുടങ്ങാനാകുമോ എന്നാണ് പരിശോധിക്കുന്നത്.
ടൗണിനോട് ചേർന്ന ചില സ്വകാര്യ കെട്ടിടങ്ങളും കോടതികൾ താൽക്കാലികമായി പ്രവർത്തിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്. കരുനാഗപ്പള്ളി ടൗണിൽ കോടതി സമുച്ചയം നിർമിക്കുന്നതിന് മുനിസിപ്പൽ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത കരുനാഗപ്പള്ളി മാർക്കറ്റിനു സമീപത്തെ സ്ഥലം വിട്ടുനൽകുന്നതിന് നേരത്തേ നഗരസഭ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഏഴിനുചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് നഗരസഭ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം കോടതി സമുച്ചയം നിർമിക്കുന്നതിന് വിട്ടുനൽകാൻ തീരുമാനിച്ചത്.
10 വർഷം മുമ്പാണ് കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ സ്ഥലം വാങ്ങിയത്. ഇവിടെ ബസ്സ്റ്റാൻഡ് നിർമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പ്രവർത്തനം തുടങ്ങാനായിരുന്നില്ല. ഈ സ്ഥലം ഇപ്പോൾ വെറുതെ കിടക്കുകയാണ്.
ദേശീയപാത വികസനം യാഥാർഥ്യമാകുന്നതോടെ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പ്രൈവറ്റ്ബസ്സ്റ്റാൻഡ് നിർമിക്കാനാണ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.