പുനലൂർ: അഞ്ച് വർഷമായിട്ടും പൂർത്തിയാക്കാതെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കാത്തിരിപ്പ് കേന്ദ്രവും പ്രവേശന കവാടവും. ഏറെ പ്രതിഷേധങ്ങൾക്കും എം.എൽ.എ അടക്കമുള്ളവരുടെ താക്കീതിനും ശേഷം കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി പൂർത്തിയാക്കിയെങ്കിലും പ്രവേശന കവാടത്തിന്റെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. ഇതുകാരണം യാത്രക്കാരും ഡിപ്പോ ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നു.
സ്റ്റേഷൻ മാസ്റ്റർ ഓഫിസിനോട് ചേർന്നുള്ള പരിമിതമായ കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ബസിൽ കയറാൻ യാത്രക്കാർ ബസുകൾക്ക് ഇടയിലൂടെ വരേണ്ടതുണ്ട്. ഇത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. 40 ലക്ഷംരൂപ അടങ്കലിലാണ് കാത്തിരിപ്പ് കേന്ദ്രവും പ്രവേശന കവാടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ കരാർ നൽകിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഹാബിറ്റാറ്റിനായിരുന്നു നിർമാണ ചുമതല.
വർഷങ്ങളായി പണിയുന്ന കാത്തിരിപ്പ് കേന്ദ്രം പ്രധാന ജോലികൾ പൂർത്തിയായെങ്കിലും അനുബന്ധ ജോലികൾ ശേഷിക്കുന്നു. ആകർഷണീയമായി രൂപകൽപന ചെയ്തിട്ടുള്ള പ്രവേശന കവാടത്തിന്റെ നിർമാണം ഉപേക്ഷിച്ച മട്ടാണ്. ഡിപ്പോയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് പി.എസ്. സുപാൽ എം.എൽ.എ അടുത്തിടെയും ബന്ധപ്പെട്ടവരുടെ അവലോകനം യോഗം കൂടി പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടും ഫലമുണ്ടായില്ല. അതേസമയം, കൂടുതൽ തുക അനുവദിപ്പിച്ച് പൂർത്തിയാക്കാനാണ് നിർമാണം വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.