പുനലൂർ: മുക്കടവിലെ കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയടക്കം നിരവധി യാത്രക്കാർ ബസുകളിൽ വന്നുപോകുന്ന പുനലൂർ- പത്തനാപുരം പാതയിലെ പ്രധാന ബസ്സ്റ്റോപ്പാണ് മുക്കടവിലേത്. അയ്യൻകാളി ആർട്സ് കോളജ്, ഗവ.എൽ.പി.എസ്, കിൻഫ്ര പാർക്ക്, റബർ പാർക്ക്, കുരിയോട്ടുമല ഹൈടെക് ഫാം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും അല്ലാത്തതുമായ യാത്രക്കാർ ബസുകളിൽ വന്നുപോകാൻ ആശ്രയിക്കുന്നത് മുക്കടവിലാണ്.
കൂടാതെ, കുരിയോട്ടമലയിലെ ആദിവാസി പുനരധിവാസ കോളനിയിലെയും എലിക്കാട്ടൂർ, കമുകുംചേരി തുടങ്ങിയ ഉൾപ്രദേശങ്ങളിലെ ആൾക്കാരുടെയും പ്രധാന ബസ്സ്റ്റോപ് മുക്കടവാണ്. മുമ്പ് ഇവിടുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പുനലൂർ- പൊൻകുന്നം സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി രണ്ടുവർഷം മുമ്പ് പൊളിച്ചുമാറ്റിയിരുന്നു.
പാതയുടെ പണി പൂർത്തിയായി കാത്തിരിപ്പ് കേന്ദ്രങ്ങൾ വേണ്ടിടത്തെല്ലാം നിർമിക്കുകയും ചെയ്തു. എന്നാൽ, വളരെ അത്യാവശ്യമായി വേണ്ടതായ മുക്കടവിനെ പരിഗണിക്കാൻ ഇനിയും അധികൃതർ തയാറായില്ല.
ഇവിടെയെത്തുന്ന യാത്രക്കാർ മഴയായാലും വെയിലായാലും പാതയോരത്തുനിന്ന് അനുഭവിക്കാനേ മാർഗമുള്ളൂ. ഇതിൽനിന്ന് രക്ഷനേടാൻ തൊട്ടടുത്ത് സൗകര്യമായ കടത്തിണ്ണകൾ പോലുമില്ല. പാതയുടെ നിർമാണത്തിനായി മുമ്പുണ്ടായിരുന്ന ഒരു കടമുറിയുടെ മുൻവശം ഇടിച്ചുകളഞ്ഞതിനാൽ എങ്ങും കയറിനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.
നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായതോടെ കഴിഞ്ഞ രണ്ടുവർഷമായുള്ള ദുരിതം ഇനിയും തുടരുകയാണ്. അടുത്തുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും മഴക്കാലംകൂടി ആയതോടെ നൂറുക്കണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.