പുനലൂർ: സിമൻറ് കയറ്റി വന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവർ ഭാഗ്യത്തിന് അപകടത്തിൽനിന്ന് ഒഴിവായി. ദേശീയപാതയിൽ ഇടമൺ 34ന് സമീപം കുന്നുപുറം ജങ്ഷനിൽ വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം.
ആലംകുളത്ത് നിന്ന് പുനലൂരിലേക്ക് സിമൻറുമായി വന്ന ടോറസാണ് മറിഞ്ഞത്. പാതയിൽനിന്ന് താഴ്ചയിലുള്ള പ്രിയദർശിനി ഭവനിൽ അനിൽകുമാറിെൻറ വീടീനോട് ചേർന്നാണ് ലോറി തലകീഴായി മറിഞ്ഞത്. ഉഗ്ര ശബ്ദം കേട്ട് അനിൽകുമാറും ഭാര്യ ആരതിയും ഉറങ്ങിക്കിടന്നിരുന്ന രണ്ടു മക്കെളയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയതിനാൽ മറ്റ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു.
മുന്നിലുണ്ടായിരുന്ന മറ്റൊരു ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കെവയാണ് സിമൻറ് ലോറി നിയന്ത്രണം വിട്ട് പാതക്ക് താഴേക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടം നടക്കുന്നത് കണ്ട് ഇതിനോട് ചേർന്നുള്ള വീട്ടിലെ വയോധികയായ രാജമ്മക്ക് ബോധക്ഷയമുണ്ടായി.
ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് അടുത്തിടെ ലോറി മറിഞ്ഞ് നാശം നേരിട്ടിരുന്നു. ഓടും കോൺക്രീറ്റുമായുള്ള അനിൽകുമാറിെൻറ വീടിന് ഭാഗികനാശം നേരിട്ടു.
കോൺക്രീറ്റ് ചെയ്ത ഭാഗം ഭാഗികമായി തകർന്നു. പാതയുടെ ഏറ്റവും വീതി കുറവുള്ള ഭാഗമാണ് കുന്നുംപുറം ഭാഗം. പലയിടത്തും ഇടിഞ്ഞുതാഴുന്നത് പാതക്കും സമീപമുള്ള വീടുകൾക്കും ഭീഷണിയാണ്. ഈ ഭാഗം കേന്ദ്രീകരിച്ച് വാഹനാപകടവും പതിവായി. അടുത്തിടെ കോടികൾ ചെലവിട്ട് പാത നവീകരിച്ചെങ്കിലും അപകടമേഖലയിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.