പാലരുവിയിലേക്ക് സഞ്ചാരികളെ എത്തിക്കാൻ വാടകക്കെടുത്ത കെ.എസ്.ആർ.ടി.സി ബസ്
പുനലൂർ: പാലരുവിയിലെത്തുന്ന വിനോദസഞ്ചാരികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ പാലരുവിയിൽ എത്തിച്ചു തിരികെ കൊണ്ടുവരാൻ ഒരു ചെറിയ ബസ് ഉൾപ്പെടെ നാല് ബസുകൾ ആണ് ഇക്കോടൂറിസത്തിന് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം അറ്റകുറ്റപ്പണിയെ തുടർന്ന് രണ്ടുമാസമായി കൊല്ലത്തെ വർക്ക്ഷോപ്പിലാണ്. മൂന്നാമത്തെ ബസ് അടുത്തിടെ കേടായി. ശേഷിക്കുന്നത മിനി ബസിൽ മുഴുവൻ സഞ്ചാരികളെയും പാലരുവിയിൽ എത്തിക്കാൻ പ്രയാസമാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. തുടർന്ന് ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഒരു ബസ് താൽകാലികമായി ഇക്കോടൂറിസം അധികൃതർ വാടകക്കെടുത്തു. ഒരു ട്രിപ്പിന് 1000 രൂപയാണ് വാടക.
വേനൽ കടുത്തതോടെ തമിഴ്നാട്ടിൽ നിന്നടക്കം നിരവധി സഞ്ചാരികൾ പാലരുവിയിലെത്തുന്നുണ്ട്. ആര്യങ്കാവ് ആർ.ഒ ജംങ്ഷന് സമീപമുള്ള ഇക്കോ ടൂറിസം ഓഫിസിൽ നിന്ന് വനത്തിലൂടെ നാല് കിലോമീറ്റർ അകലെയാണ് പാലരുവി. ടിക്കറ്റ് കൗണ്ടറിൽ നിന്ന് വാഹനങ്ങളിലാണ് യാത്രക്കാരെ ഇവിടെ കൊണ്ടുവരുന്നത്. പുറമേയുള്ള മറ്റു വാഹനങ്ങൾ പ്രവേശിക്കാൻ അനുവാദമില്ലാത്തത് കാരണം അധികൃതർ ഏർപ്പെടുത്തുന്ന വാഹനങ്ങൾ മാത്രമേ വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയുകയുള്ളു.
അതേസമയം കുറഞ്ഞ ദൂരത്തിൽ ഓടുന്ന ബസുകൾ അടിക്കടി വലിയ പണികൾ വരുത്തുന്നത് അധികൃതർക്ക് തലവേദനയായിട്ടുണ്ട്. വാഹനങ്ങളുടെ പണിക്കായി തന്നെ വലിയ തുകയാണ് എല്ലാവർഷവും ചെലവിടുന്നത്. വരുമാനത്തിന്റെ നല്ല പങ്കും വാഹനങ്ങളുടെ ചെലവിനായി മാറ്റിവെക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.