പുനലൂർ: പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും മറ്റും സ്വകാര്യ ആംബുലൻസുകളുടെ സേവനം ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കടക്കം സ്വകാര്യ ആംബുൻസ് വിളിക്കണമെങ്കിൽ ആശുപത്രിവളപ്പിലുള്ള പൊലീസ് എയ്ഡ് പോസ്റ്റ മുഖേനയേ കഴിയൂ.
ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ പൊലീസ്, മോട്ടോർ വെഹിക്കിൾ, സ്വകാര്യ ആംബുലൻസ് പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും. ഇവിടെ നിന്ന് ജില്ല ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും 20 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ വിവിധ തരം ആംബുലൻസുകളുടെ നിരക്കും തീരുമാനിച്ചു.
താലുക്കാശുപത്രി കേന്ദ്രീകരിച്ചുള്ള സ്വകാര്യ ആംബുലൻകളുടെ സർവിസിനെക്കുറിച്ച് നിരവധി ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിന് അധികൃതർ നിർബന്ധിതരായത്. ആശുപത്രിയിലെ ചില ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും തമ്മിലുള്ള അവിഹിത ഇടപെടലിൽ ഒട്ടേറെ പരാതികളുണ്ട്.
രോഗികളുടെയും പോസ്റ്റ്മോർട്ടത്തിന് എത്തിക്കുന്ന മൃതദേഹങ്ങളുടെയുംമേൽ ബന്ധുക്കൾപോലും അറിയാതെ സ്വകാര്യ ആംബുലൻസുകാരുടെ കൈകടത്തലും അമിത ചാർജ് ഇൗടാക്കലുമുൾപ്പെടെയാണ് പരാതികൾ. ചില ജീവനക്കാരും ഇതിനുപിന്നിലുള്ളത് ആശുപത്രി അധികൃതർക്കും തലവേദയാകുന്നു. ഓട്ടം പോകുന്നത് സംബന്ധിച്ച് ആശുപത്രിവളപ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ പ്രശ്നമുണ്ടാകുന്നതും പതിവാണ്.
സ്വകാര്യ ആംബുൻസുകളുടെ കടന്നുകയറ്റത്തിൽ ന്യായമായ നിരക്കിൽ ഓടുന്ന താലൂക്കാശുപത്രിയിലെ ആംബുലൻസുകൾക്ക് ഓട്ടം ലഭിക്കുന്നുമില്ല.
ആശുപത്രി വാർഡ്, മോർച്ചറി, റിസപ്ഷൻ, അത്യാഹിതവിഭാഗം എന്നിവിടങ്ങളിലുള്ളവർക്ക് ഇനി മുതൽ സ്വകാര്യ ആംബുലൻസ് വിളിക്കണമെങ്കിൽ പൊലീസ് എയ്ഡ്പോസ്റ്റിൽ അറിയിക്കണം. എയ്ഡ് പോസ്റ്റിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന ഡ്രൈവർമാർ എയ്ഡ് പോസ്റ്റിലുള്ളള്ള ആംബുലൻസ് രജിസ്റ്ററിൽ ഒപ്പിട്ടിട്ട് വേണം രോഗികളെയും കൊണ്ടുപോകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.