പുനലൂർ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നു

പുനലൂർ നഗരസഭ ബജറ്റ്: സുസ്ഥിര വികസനം ലക്ഷ്യം

പുനലൂർ: നഗരസഭയിൽ ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന ബജറ്റ് വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. നീക്കിയിരിപ്പ് ഉൾപ്പെടെ 76,23,10,497 രൂപ വരവും 73,71,99,026 രൂപ ചെലവും 2,51,11,471 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 51ാമത് ബജറ്റ്. യോഗത്തിൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയും അംഗീകരിക്കലും വ്യാഴാഴ്ച10. 30ന് കൗൺസിൽ ഹാളിൽ നടക്കും.

കോവിഡ് പ്രതിസന്ധിയും പ്രകൃതിദുരന്തങ്ങളും സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ പാകത്തിലുള്ളതാണ് പുതിയ ബജറ്റ്. ഒരു വർഷത്തിനുള്ളിൽ അർഹരായ ഭവനരഹിതർക്ക് വീട് നൽകാൻ ഒന്നരക്കോടി രൂപ വകയിരുത്തി. ഏഴുനില വ്യാപാര സമുച്ചയം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനായി 1.22 കോടി അനുവദിച്ചു. ടൗൺ ഹാൾ പൂർത്തിയാക്കാനും ഒരു കോടിയും ടേക്ക് എ ബ്രേക്ക് പദ്ധതികൾക്കായി 30 ലക്ഷവും വകയിരുത്തി. മാർച്ച് 31ന് മുമ്പ് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും. ഇതിലുള്ള ലിങ്ക് റോഡുകളുടെ നിർമാണത്തിന് അരക്കോടി അനുവദിച്ചു. പത്ത് ലക്ഷം രൂപ ചെലവിൽ മാർക്കറ്റ് ജങ്ഷനിൽ റെയിൽവേ മേൽപ്പാലം നിർമിക്കും. കലയനാട് കേന്ദ്രീകരിച്ച് അർബൻ പി.എച്ച്.സിക്ക് പുതിയ കെട്ടിടം പണിയാനായി 30 ലക്ഷം ചെലവിടും. 150 കോടി ചെലവിൽ പുനലൂർ കുടിവെള്ള പദ്ധതി സ്ഥാപിക്കും. ഭൂഗർഭ ജലത്തിന്‍റെ അളവ് വർധിപ്പിക്കുന്നതിനും കല്ലടയാർ മാലിന്യമുക്തമാക്കുന്നതിനും 50 ലക്ഷം അനുവദിച്ചു.

എല്ലാ വാർഡുകളിലും കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്നതിന് ഒരു കോടിയും മാലിന്യമുക്ത കുടിവെള്ള പദ്ധതിക്കായി പത്ത് ലക്ഷവും വകയിരുത്തി. ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന് സബ്സിഡിയായി 35 ലക്ഷം അനുവദിക്കും. ജലനിധി ക്ലബുകൾ രൂപവത്കരിച്ച് കാമ്പയിനുകൾ നടത്തും. വൃക്ഷശ്രീ പദ്ധതിയും ഫൗണ്ടനുകളും നടപ്പാക്കും. കാർബണിന്‍റെ ബഹിർഗമനം കുറക്കുന്നതിന് എല്ലാ വീടുകളിലും കരിയില കുഴികൾ സ്ഥാപിക്കും. എല്ലാ വീടുകളിലും പുരപ്പുറ സൗരോർജ പ്ലാൻറുകൾ പ്രോത്സാഹിപ്പിക്കും. സർക്കാറിന്‍റെ കുസുമ പദ്ധതിയുമായി സഹകരിച്ച് കാർഷിക ആവശ്യത്തിന് സൗരോർജ പാനലുകൾ സ്ഥാപിക്കും. വിധവകളെ സഹായിക്കാനായി കൈത്താങ്ങ് പദ്ധതി നടപ്പാക്കും. എല്ലാ ഭിന്നശേഷിക്കാർക്കും ഇന്‍ഷുറൻസ് ഉറപ്പാക്കും.

അന്നം പദ്ധതിയിലൂടെ എല്ലാവർക്കും ആഹാരം ഉറപ്പാക്കും. വാർധക്യ സൗഹൃദ പദ്ധതിയും സാന്ത്വന പദ്ധതിയും നടപ്പാക്കും. ചെറുകിട വ്യാവസായങ്ങളെ പ്രോത്സാഹിപ്പികുന്നതിന് ചാലകം പദ്ധതി നടപ്പാക്കും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സഹകരണ ടൂറിസം പദ്ധതി നടപ്പാക്കും.

പുനലൂർ മോഡൽ സഹകരണ കൂട്ടുകൃഷി നടപ്പാക്കും. ആയുർവേദ സസ്യങ്ങൾ കൃഷിക്കായി പുഷ്പനഗരം നടപ്പാക്കും. കല-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രോജക്ട് ജനി നടപ്പാക്കും. അർഹതപ്പെട്ട വനിതകൾക്ക് ഷീ ഓട്ടോ നൽകും. കുടുംബശ്രീയുമായി ചേർന്ന് അലക്കുശാല സ്ഥാപിക്കും. കെ.എസ്.ആർ.ടി ഡിപ്പോയിൽ ഷീ ലോഡ്ജ് ആരംഭിക്കും. വർക്കിങ് വുമൺ ഹോസ്റ്റലും പരിഗണനയിലുണ്ട്.

Tags:    
News Summary - Punalur Municipal Budget: Importance to Sustainable Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.