നിർമാണം പൂർത്തിയായ അച്ചൻകോവിൽ പ്രീ മെട്രിക് ഹോസ്റ്റൽ

ഉദ്ഘാടനം കാത്ത് പ്രീമെട്രിക് ഹോസ്റ്റൽ; വിദ്യാർഥിനികൾ ദുരിതത്തിൽ

പുനലൂർ: നിശ്ചിത സമയം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും അച്ചൻകോവിൽ പ്രീമെട്രിക് ഹോസ്റ്റൽ തുറന്നു കൊടുക്കാത്തത് വിദ്യാർഥിനികളെ ബുദ്ധിമുട്ടിക്കുന്നു.

നിലവിൽ പട്ടികവർഗ വിദ്യാർഥിനികൾക്കായി അച്ചൻകോവിലിലുള്ള ഹോസ്റ്റൽ അസൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് നാലുവർഷം മുമ്പാണ് നിർമാണത്തിന് കരാർ നൽകിയത്. കിഫ്ബിയിൽനിന്ന് 4.60 കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ ഹോസ്റ്റലിന് സമീപം മൂന്ന് നിലകളിലായി 14,000 സ്വകയർഫീറ്റ് വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്. നൂറിലധികം കുട്ടികൾക്ക് ഒരേസമയം താമസിച്ച് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡായിരുന്നു നിർവഹണ ഏജൻസി. കോവിഡും തുടർന്നുള്ള നിയന്ത്രണങ്ങളും കാരണം കെട്ടിടം നിർമാണം നീണ്ടുപോയി. നിലവിലുള്ള ഹോസ്റ്റലിലെ അന്തേവാസികളായ പല കുട്ടികളും കെട്ടിടത്തിലെ അസൗകര്യം കണക്കിലെടുത്ത് ഹോസ്റ്റൽ മതിയാക്കി വീടുകളിലേക്ക് മടങ്ങി. നിലവിൽ 20 കുട്ടികളാണുള്ളത്.

കെട്ടിട നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരത്തിൽ പി.എസ്. സുപാൽ എം.എൽ.എ ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 21ന് കെട്ടിടം പണി പൂർത്തിയാക്കി. ഇതിനിടെ കെട്ടിടം നിർമാണം വൈകിയതിന് കരാറുകാരനിൽനിന്ന് 38 ലക്ഷം രൂപ നിർവഹണ ഏജൻസി നഷ്ടപരിഹാരം ഈടാക്കുകയുണ്ടായി.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും ഒപ്പം കെട്ടിടത്തിന് സമീപം കോവിഡ് സെന്‍ററർ പ്രവർത്തിച്ചതും കാരണമാണ് നിർമാണം വൈകിയതെന്നാണ് കരാറുകാർ പറയുന്നത്.

കൂടാതെ കരാർ തുകയിൽ 1.60 കോടി രൂപ മാത്രമേ ഇതുവരെ കരാറുകാരന് നൽകിയുള്ളൂ. കെട്ടിടം സമയത്തിന് തുറക്കാത്തത് കാരണം ഈ അധ്യയന വർഷാരംഭത്തിൽ കൂടുതൽ കുട്ടികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാനായില്ല. ഇതുമൂലം നിരവധി പട്ടികവർഗ കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നതായും ആക്ഷേപമുണ്ട്.

Tags:    
News Summary - Pre-metric Hostel awaiting inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.