റീന ബീവി
പുനലൂർ: സർക്കാർ ജീവനക്കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പുനരന്വഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. തടിക്കാട് വായനശാല ജങ്ഷൻ രഹന ഹൗസിൽ നാദിർഷായുടെ ഭാര്യ റീന ബീവിയുടെ (47) മരണമാണ് ഉന്നത പൊലീസ് റാങ്കിലുള്ളയാൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഉത്തരവായത്. റീനയുടെ സഹോദരനും റിട്ട. എസ്.ഐയുമായ പുന്നല ചാച്ചിപുന്ന തച്ചക്കോട് ഷാ മൻസിലിൽ എ. അബ്ദുൽ ജലാൽ അഡ്വ. ഇടത്തറ മുഹമ്മദ് ഇസ്മയിൽ മുഖാന്തരം നൽകിയ പരാതിയിലാണ് ഉത്തരവ്.
മൃഗസംരക്ഷണവകുപ്പ് അഞ്ചൽ പെരുമണ്ണൂർ സബ് സെൻററിൽ അസിസ്റ്റൻറ് ഫീൽഡ് ഓഫിസറും രണ്ട് കുട്ടികളുടെ മാതാവുമായിരുന്നു റീന ബീവി. 2024 ജനുവരി 29ന് വൈകുന്നേരമാണ് ഭർതൃഗൃഹത്തിൽ ആസിഡ് ഉള്ളിൽചെന്ന് മരിച്ചത്. സ്ട്രോക്ക് വന്ന് വലതുകൈയും വലതുവശവും തളർന്ന യുവതി സ്വന്തമായി ആസിഡ് കുടിക്കാൻ സാധ്യതയില്ലെന്നും വേണ്ടപ്പെട്ട ചിലരാൽ മാനസികപീഡനം ഏറ്റിരുന്നതിനാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുൽ ജലാൽ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകിയിട്ടും പ്രയോജനം ഉണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പൊലീസിന്റെ തുടരന്വേഷണവും തൃപ്തമല്ലെങ്കിൽ മറ്റ് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാൻ വാദിക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.