സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും കൊല്ലം ജില്ലതല പട്ടയമേളയുടെ ഉദ്ഘാടനവും പുനലൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

വികസനത്തിന്‍റെ പേരിൽ ആരെയും വഴിയാധാരമാക്കില്ല -മുഖ്യമന്ത്രി

പുനലൂർ: വികസനപ്രവർത്തനങ്ങളുടെ പേരിൽ ആരെയും വഴിയാധാരമാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം നടപ്പാക്കുമ്പോൾ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് മെച്ചമായ രീതിയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പട്ടയമേളകളുടെ സംസ്ഥാനതല സമാപനവും ജില്ല പട്ടയമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ഏത് പ്രശ്നങ്ങളും സമയബന്ധിതമായി തീർപ്പാക്കുകയെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ക്ഷേമവും നാടി‍െൻറ വികസനവുമാണ് ലക്ഷ്യമാക്കുന്നത്. ഭൂരഹിത-ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതി‍െൻറ ഭാഗമായാണ് ഇപ്പോഴും നേരത്തയും പട്ടയങ്ങൾ കൊടുത്തത്. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 54,524 പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാറി‍െൻറ ആദ്യത്തെ നൂറു ദിനത്തിൽ 12,000 പട്ടയം നൽകാൻ തീരുമാനിച്ചെങ്കിലും 13,514 എണ്ണം നൽകി. രണ്ടാംഘട്ട നൂറുദിനത്തിൽ 18,000 ലക്ഷ്യമിട്ടത് മൂന്നിരട്ടിയിലേറെ വിതരണം ചെയ്തു. കഴിഞ്ഞ ആറുവർഷമായി 2,38,518 പട്ടയം വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് സമയബന്ധിതമായി പട്ടയം നൽകും. ലൈഫ് പദ്ധതിയിൽപെടുത്തി 34195 കുടുംബങ്ങൾക്ക് വീടും ഭൂമിയും നൽകി.

വികസന കാര്യങ്ങളിൽ ഭൂമയുടെ രേഖകൾ ശരിയാക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ലാൻഡ് ബോർഡിൽ നിലവിലുള്ള കേസുകൾ തീർപ്പാക്കാൻ പതിറ്റാണ്ട് പഴക്കമുണ്ട്. ജീവനക്കാർക്ക് മതിയായ പരിശീലനത്തി‍െൻറ അഭാവമാണ് ഇതിനിടയാക്കുന്നത്.

മതിയായ പരിശീലനം നൽകാൻ തീരുമാനിച്ചു. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നാല് മേഖലകളാക്കി തിരിച്ച് ഓരോ ഡെപ്യൂട്ടി കലക്ടർക്ക് ചുമതല നൽകി. ഓരോ വില്ലേജിലേയും ഭൂരഹിതരെ കണ്ടെത്തി ഭൂമി ലഭ്യമാക്കുംവിധം ഒരു ഡാഷ് ബോർഡ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാലൻ, ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ഡോ. സുജിത് വിജയൻപിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, മുൻമന്ത്രി കെ. രാജു, പി. എസ്. സുപാൽ എം.എൽ.എ, കലക്ടർ അഫ്സാന പർവീൺ എന്നിവർ സംസാരിച്ചു.

ജില്ലയിലെ വിവിധ താലൂക്കുകളിലെ 1111 പട്ടയങ്ങൾ വിതരണം ചെയ്തു. പുനലൂർ, പത്തനാപുരം താലൂക്കുകളിലായുള്ള 756 പേപ്പർ മിൽ പട്ടയങ്ങളും ഇതിൽപെടും. ആദ്യ പട്ടയം പേപ്പർ മിൽ മേഖലയിലെ കാഞ്ഞിരമല റംസി മൻസിലിൽ റംലാബീവി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ശാരീരിക അസ്വസ്ഥതയുള്ള ഇവർ വീൽചെയറിൽ സ്റ്റേജിലെത്തിയാണ് പട്ടയം സ്വീകരിച്ചത്.

Tags:    
News Summary - No one will be paved in the name of development: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.