ആര്യങ്കാവിൽ ഇനിയും പ്രവർത്തനം ആരംഭിക്കാത്ത ഫുഡ് സേഫ്റ്റി ചെക്പോസ്റ്റ്
പുനലൂർ: നവീകരണം പൂർത്തിയായ കെട്ടിടം വിട്ടുകൊടുക്കാൻ പൊതുമരാമത്ത് തയാറാകാത്തതും ജീവനക്കാർ ഇല്ലാത്തതും മൂലം അതിർത്തിയിൽ ഭക്ഷ്യസാധനങ്ങളുടെ പരിശോധന നീളുന്നു. രണ്ടുവർഷം മുമ്പ് ആര്യങ്കാവിൽ അനുവദിച്ച ഭക്ഷ്യസുരക്ഷ പരിശോധന കേന്ദ്രമാണ് ഇതുവരെ പ്രവർത്തിക്കാൻ കഴിയാത്തത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനാണ് ഇവിടെ സ്ഥിരം ചെക് പോസ്റ്റ് അനുവദിച്ചത്.
കേന്ദ്രം സ്ഥാപിക്കാൻ പഴയ വാണിജ്യനികുതി ചെക് പോസ്റ്റ് കെട്ടിടത്തിന്റെ ഒരു നില വിട്ടുകൊടുത്തു. കെട്ടിടം നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഭക്ഷ്യസുരക്ഷ വകുപ്പ് നാല് ലക്ഷം രൂപയും നൽകി. അറ്റകുറ്റപ്പണി പൂർത്തിയായിട്ടും ഇതുവരെ കെട്ടിടം വിട്ടുനൽകാൻ മരാമത്ത് അധികൃതർ തയാറായിട്ടില്ല.
ഇതിനായി മരാമത്ത് അധികൃതർക്ക് പലതവണ കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഭക്ഷ്യസുരക്ഷ ജില്ല ഓഫിസർ പറഞ്ഞു. കെട്ടിടം വിട്ടുനൽകാത്തതിന്റെ കാരണവും ബന്ധപ്പെട്ടവർ രേഖാമൂലം നൽകുന്നില്ലത്രെ.
കെട്ടിടം കിട്ടിയാൽ ജില്ലയിൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ഭാഗീകമായെങ്കിലും പരിശോധന ആരംഭിക്കാനാകുമെന്ന് അധികൃതർ പറയുന്നു. കേന്ദ്രം ദിവസം മുഴുവൻ പ്രവർത്തിക്കുന്നതിന് ആറ് ജീവനക്കാരെ പുതുതായി നിയമിക്കേണ്ടതുണ്ട്. ഇതിന് കമീഷണർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നിയമനമുണ്ടായില്ല.
ജില്ലയിൽ 11 ഭക്ഷ്യസുരക്ഷ ഓഫിസർമാരാണുള്ളത്. ഇവരെ ആര്യങ്കാവിലേക്ക് മാറ്റിയാൽ മറ്റിടങ്ങളിലെ പരിശോധന അവതാളത്തിലാകും. പരിശോധന കേന്ദ്രത്തിൻറ സുഗമമായ പ്രവർത്തനത്തിന് അടിയന്തരമായി ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.