പുനലൂർ: അച്ചൻകോവിലിലെ രൂക്ഷമായ വാനരശല്യത്തിനെതിരെ നാട്ടുകാർ രംഗത്ത്. ആനയും പുലിയും പന്നിയും നിരന്തരം ഉണ്ടാക്കുന്ന നാശത്തിന് പുറമേയാണ് കുരങ്ങുകളുടെ വികൃതിയും പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്.
തെങ്ങ്, കവുങ്ങ് തുടങ്ങിയവയിലെ ആദായം നശിപ്പിക്കുന്നത് കൂടാതെ വീടുകളിലും പരിസരങ്ങളിലും വലിയ ബുദ്ധിമുട്ട് വരുത്തുന്നു. തുണികൾ, പാത്രങ്ങൾ വീട്ടുസാധനങ്ങൾ എന്നിവയൊന്നും പുറത്തിടാൻ കഴിയുന്നില്ല. പാചകം ചെയ്ത ആഹാരസാധനങ്ങൾ അടുക്കളയിൽ കയറി എടുത്തുകൊണ്ട് പോകുന്നു. കൂടാതെ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നു.
വരൾച്ച രൂക്ഷമായി കാടുകളിൽ കായ്കനികളും വെള്ളവും കുറഞ്ഞതോടെയാണ് കുരങ്ങുകൾ കൂട്ടത്തോടെ ജനവാസമേഖലയിൽ എത്തിയത്. ഇവകളെ ഉപദ്രവിച്ചാൽ കൂട്ടത്തോടെയെത്തി ആക്രമിക്കും. വനപാലകർ അറിഞ്ഞാൽ കേസും മറ്റ് നടപടികളും ഉണ്ടാകുമെന്ന് ഭയന്ന് ജനങ്ങൾ സംയമനം പാലിക്കുകയാണ്.
കുരങ്ങുകളെ വന്യജീവിനിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അധികൃതർക്ക് ഇവയെ പിടിച്ച് ഉൾക്കാട്ടിൽ വിടുന്നത് നൂലാമാലയാണ്. വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക ഉത്തരവ് ഉണ്ടെങ്കിലേ ജനവാസമേഖലകളിൽനിന്ന് കുരങ്ങുകളെ കൂടുെവച്ച് പിടികൂടി ഉൾവനങ്ങളിൽ കൊണ്ടുവിടാനാവൂ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (വൈൽഡ് ലൈഫ്) നൽകാനായി കുഴിഭാഗത്ത് താമസിക്കുന്ന 86 വീട്ടുകാർ ഒപ്പിട്ട നിവേദനം അച്ചൻകോവിൽ ഡി.എഫ്.ഒക്ക് ശനിയാഴ്ച നൽകി.
ഡി.എഫ്.ഒയുടെ തുടർനടപടികൾക്ക് ശേഷം പ്രശ്നത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.