പുനലൂർ: തെന്മല പരപ്പാർ ഡാമിൽ ബോട്ട് സവാരിക്കെത്തുന്ന സഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിലെ ബുദ്ധിമുട്ടിനെതുടർന്ന് നിരാശയോടെ മടങ്ങുന്നു. തെന്മല ഇക്കോ ടൂറിസത്തിന്റെയും ശെന്തുരുണി ടൂറിസത്തിന്റെയും നേതൃത്വത്തിലാണ് എർത്ത് ഡാമായ പള്ളംവെട്ടിയിൽനിന്ന് ഉല്ലാസ ബോട്ട് സവാരിയുള്ളത്.
ഇതിൽ ശെന്തുരുണി ടൂറിസത്തിന്റേത് പാക്കേജ് ആയതിനാൽ വൈൽഡ് ലൈഫ് ആസ്ഥാനത്തുനിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്. എന്നാൽ, ശെന്തുരുണി ടൂറിസത്തിന്റെ കുട്ടവഞ്ചി സവാരിക്ക് പള്ളംവെട്ടിയിൽ ടിക്കറ്റ് എടുക്കാനാകും. ഇക്കോ ടൂറിസത്തിന്റെ ബോട്ടിങ്ങിന് ഡാം ജങ്ഷനിലെ ഓഫിസിൽനിന്ന് ടിക്കറ്റ് എടുക്കണം.
ഇക്കോ ടൂറിസം ഓഫിസിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാലേ സവാരി തുടങ്ങുന്ന പള്ളംവെട്ടിയിൽ എത്താനാകൂ.
ഇവിടെയെത്തുന്ന ഭൂരിഭാഗം യാത്രക്കാരും ബോട്ടിങ് ഉദ്ദേശിച്ചാണ് വരുന്നത്. നിരവധി സഞ്ചാരികൾ ബോട്ടിൽ സഞ്ചരിക്കുന്നതിന് പള്ളംവെട്ടിയിൽ നേരിട്ടെത്താറുണ്ട്. മുമ്പ് ഇവിടെ ടിക്കറ്റ് ലഭിക്കാനുള്ള കൗണ്ടർ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണത്തെതുടർന്ന് അടച്ചുപൂട്ടിയത് പിന്നീട് തുറക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതുകാരണം ഇവിടെത്തുന്ന മിക്കയാളുകളും ബോട്ട് സവാരി നടത്താതെ മടങ്ങുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.