പുനലൂർ: ആര്യങ്കാവ് പഞ്ചായത്ത് കമ്മിറ്റിക്കെത്തിയ ബി.ജെ.പിയിലെ മാമ്പഴത്തറ സലീമിനുനേരെ സി.പി.എമ്മുകാർ കരി ഓയിൽ ഒഴിച്ചു. അഞ്ച് സി.പി.എമ്മുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന സലീം പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എമ്മുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ കമ്മിറ്റി മുടങ്ങിയിരുന്നു.
ഓണത്തിന് മുന്നോടിയായി പ്രധാനപ്പെട്ട നിരവധി വിഷയങ്ങൾ തീരുമാനിക്കാൻ ഉള്ളതിനാൽ വ്യാഴാഴ്ച രാവിലെ 11ന് കമ്മിറ്റി നിശ്ചയിച്ചിരുന്നു. ഈ കമ്മിറ്റിയിൽ മാമ്പഴത്തറ സലീം പങ്കെടുക്കുന്നത് സി.പി.എമ്മുകാർ തടയുമെന്ന് അറിഞ്ഞ് തെന്മല, ഏരൂർ സി.ഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിലേക്ക് വരുമ്പോൾ വശത്ത് നിന്നിരുന്ന ഇരുപതോളം പ്രതിഷേധക്കാർ സലീമിന് നേരെ പ്ലാസ്റ്റിക് കവറിൽ കരുതിയ കരി ഓയിൽ എറിഞ്ഞു.
കരി ഓയിൽ സലീമിന്റെയും അടുത്തുണ്ടായിരുന്ന നാല് പൊലീസുകാരുടെയും ദേഹത്ത് വീണു. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. ഇതിനിടയിൽ ഒരു പൊലീസുകാരനെ പ്രതിഷേധക്കാർ മർദിച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിനിടെ കമ്മിറ്റി കൂടാൻ തുടങ്ങിയപ്പോൾ എൽ.ഡി.എഫ് മെംബർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാൽ, ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ അജണ്ട പാസാക്കി കമ്മിറ്റി കൂടുകയായിരുന്നു.
പ്രതിഷേധത്തിനുണ്ടായിരുന്ന സി.പി.എം ലോക്കൽ സെക്രട്ടറി പി. രാജു, മുൻ സെക്രട്ടറി ടി. ചന്ദ്രൻ, പ്രവർത്തകരായ സെയ്ദ് അലി, രാജേഷ്, സിബി എന്നിവരെ അറസ്റ്റ് ചെയ്തു.
കണ്ടാലറിയാവുന്ന മറ്റ് പത്ത് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്തവരെ പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് അംഗത്തിനെ കരി ഓയിൽ ഒഴിച്ചതിനാണ് കേസ്.
കരി ഓയിൽ പ്രയോഗത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ജാഥ നടത്തി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ തുടങ്ങിയ ജാഥ കഴുതുരുട്ടി ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.