ആര്യങ്കാവിൽ ശബരിമല തീർഥാടകരുടെ ബസിൽ ഇടിച്ച് തകർന്ന ലോറി
പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ അപകടമേഖലയായ പുനലൂരിനും കോട്ടവാസലിനും ഇടയിൽ വാഹനങ്ങളുടെ വേഗതയടക്കം നിയന്ത്രിക്കാൻ നടപടിയില്ല. അപകടങ്ങൾ വർധിക്കുന്നു.
സേലത്തുനിന്നുള്ള അയ്യപ്പ തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ബുധനാഴ്ച പുലർച്ചെ ചരക്ക് ലോറി ഇടിച്ചുകയറി ഒരാൾ മരിക്കുകയും 18 പേർക്ക് പരിക്കേറ്റതുമാണ് ഒടുവിലത്തെ സംഭവം. ബസ് 45 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് ഉരുണ്ടിറങ്ങിയെങ്കിലും മറിഞ്ഞില്ല. കുട്ടികളടക്കം 25 പേർ ബസിലുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിനാണ് വൻ ദുരന്തത്തിൽനിന്ന് ഇവർ രക്ഷപ്പെട്ടത്.
ഇറക്കമിറങ്ങിവന്ന ലോറി അമിതവേഗയിലായിരുന്നുവെന്ന് പരിസരത്തുള്ളവർ പറയുന്നു. ചരക്ക് വാഹനങ്ങൾക്ക് ഇന്ധനം ലാഭിക്കാനായി കിലോമീറ്ററുകൾ വരുന്ന ഇറക്കത്തിൽ ന്യൂട്രൽ ഗിയറിലാണ് വരുന്നത്. ഇത്തരം വാഹനങ്ങൾ അടിയന്തരഘട്ടങ്ങളിൽ ബ്രേക്ക് ലഭിക്കാതെ അപകടണ്ടാക്കുകയാണ് പതിവ്. കഴിഞ്ഞദിവസം തെന്മല ഡാം റോഡിലും സിമന്റ് കയറ്റിയ ലോറിക്ക് നിയന്ത്രണം വിട്ട് കാട്ടിലേക്ക് ഇടച്ചുകയറി.
ലോറി ഇടിച്ച ബസ് തോട്ടിലേക്ക് ഉരുണ്ടിറങ്ങിയനിലയിൽ
സിമന്റ്, മെറ്റൽ ഉൽപന്നങ്ങൾ കയറ്റി സ്ഥിരമായി വരുന്ന ലോറികളാണ് കൂടുതലും അപകടം ഉണ്ടാക്കുന്നത്. വലിയ കയറ്റിറക്കവും വശത്ത് കൊക്കയും മതിയായ വീതിയും ഇല്ലാത്തതാണ് ഈ പാത. പാതയുടെ അപകടാവസ്ഥയും വാഹനതിരക്കും അവഗണിച്ച് ഒരു നിയന്ത്രണങ്ങളും പാലിക്കാതെയാണ് ഡ്രൈവർമാർ വാഹനമോടിക്കുന്നത്.
ശബരി സീസണിൽ അപകടം ഇല്ലാതാക്കാൻ വിവിധ വകുപ്പ് അധികൃതർ സംയുക്തമായും അല്ലാതെയും പലതവണ യോഗങ്ങൾ കൂടുകയും പല നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് മിക്കതും നടപ്പാക്കാനോ റോഡ് മതിയായ സുരക്ഷിതമാക്കാനോ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
അപകടത്തിൽ പരിക്കേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ
മുമ്പ് ശബരിമല സീസണിൽ ഇതുവഴിയുള്ള ചരക്ക് വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം അധികൃതർ ഏർപ്പെടുത്തിയിരുന്നു. ഇത്തവണ ഇതുവരെയും ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായില്ല.
ആര്യങ്കാവിൽ അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും തെന്മല പൊലീസും തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിക്കാനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത, വൈസ് ചെയർമാൻ രഞ്ജിത് രാധാകൃഷ്ണൻ, പുനലൂർ ആർ.ടി.ഒ എസ്. സുരേഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ സുന്ദരേശൻ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.