ഇരവിപുരം: പുന്തലത്താഴം പഞ്ചായത്ത്വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പൊലീസ് പിടിയിൽ. പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത് (40) ആണ് ദീർഘകാലമായി ഇരവിപുരം പൊലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിവന്ന നീരിക്ഷണത്തിനൊടുവിൽ പിടിയിലായത്.
ഡ്രൈഡേ മുൻകൂട്ടി കണ്ട് പല തവണകളിലായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്. കൊല്ലം പുന്തലത്താഴം പഞ്ചായത്തുവിള ഭാഗത്ത് ഇലക്ട്രിക്കൽ കട നടത്തുന്ന പ്രതി പലപ്പോഴായി ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങി ശേഖരിച്ചുവന്നിരുന്ന മദ്യം ഡ്രൈഡേ ദിനങ്ങളിൽ ഇരട്ടി വിലക്ക് വിൽപന നടത്തിവരുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അര ലിറ്ററിന്റെ 98 കുപ്പികളും ഒരു ലിറ്ററിന്റെ ഒരു കുപ്പിയും അടക്കം 50 ലിറ്റർ വിദേശ മദ്യമാണ് പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തത്.
കൊല്ലം എ.സി.പി അഭിലാഷിന്റെ മേൽനോട്ടത്തിലും ഇരവിപുരം ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിലും ജില്ല സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, ഇരവിപുരം എസ്.ഐ ദിലീപ്, സി.പി.ഒമാരായ വിഷ്ണു, വിക്ടർ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.