വ്യവസായ എസ്റ്റേറ്റ് കെട്ടിടം കാട്​ കയറിയ നിലയിൽ

കോടികൾ ചിലവഴിച്ച് നിർമിച്ച ജില്ല പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ് നോക്കുകുത്തിയായി

പത്തനാപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി കുണ്ടയം മൂലക്കടയിൽ പണികഴിപ്പിച്ച വ്യവസായ എസ്റ്റേറ്റ് കാട് മൂടിയിട്ട് രണ്ട് വർഷം.കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സെന്റിന് ലക്ഷത്തിലധികം വിലനൽകി ഒന്നര ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നും ജില്ല പഞ്ചായത്ത്‌ വാങ്ങിയത്. പിന്നീട് നാല് കെട്ടിടങ്ങൾ ഇവിടെ നിർമിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ വനിതകൾക്ക് ഐ.ടി പാർക്കിനായി പ്രത്യേക ബ്ലോക്കും നിർമിച്ചു.

2023 ജനുവരി നാലിന് വ്യവസായ എസ്റ്റേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ജില്ല പഞ്ചായത്ത്‌ നിരവധിതവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വരാത്തത് തിരിച്ചടിയായി. ഇതോടെ വൻ തൊഴിൽ സാധ്യതയുമായി ജില്ല പഞ്ചായത്ത് പണി പൂർത്തിയാക്കിയ വ്യവസായ എസ്റ്റേറ്റ് കെട്ടിടങ്ങൾ കാട് മൂടി തുടങ്ങി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മാത്രമായി പദ്ധതി തയാറാക്കിയതാണ് വ്യവസായ എസ്റ്റേറ്റിൽ സംരംഭങ്ങൾ തുടങ്ങാൻ തടസമായത്. വൻതുക മുടക്കി സംരംഭങ്ങൾ തുടങ്ങാൻ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകൾക്ക് കഴിയാതെ വന്നതോടെ മാസങ്ങൾക്ക് മുമ്പ് സർക്കാർ അനുമതിയോടെ ചട്ടഭേദഗതി വരുത്തി.വ്യവസായ എസ്റ്റേറ്റിനായി നിർമിച്ച കെട്ടിടങ്ങളുടെ ഒരു ഭാഗം ജനറൽ വനിതാ വിഭാഗത്തിന് സംരംഭങ്ങൾ തുടങ്ങാൻ അനുമതി നൽകുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്.

എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മിക്ക പദ്ധതികളും ഉദ്ഘാടനം ചെയ്തു പോകുമ്പോൾ, രണ്ട് വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ വ്യവസായ എസ്റ്റേറ്റ് അടഞ്ഞുകിടക്കുന്നതിനെ കുറിച്ച് മറുപടി പറയാനാകാതെ അധികൃതരും ഇരുട്ടിൽ തപ്പുകയാണ്.

Tags:    
News Summary - The industrial estate of the district panchayat, built at a cost of crores becomes useless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.