പ​ത്ത​നാ​പു​രം പ​ട്ട​ണ​ത്തി​ലൂ​ടെ​യു​ള്ള പാ​ത​ക​ളു​ടെ ത​ക​ര്‍ന്ന ഭാ​ഗ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്നു

മന്ത്രി കയർത്തു; രണ്ടുവര്‍ഷത്തെ റോഡ് ദുരിതത്തിന് അരദിവസം കൊണ്ട് പരിഹാരം

പത്തനാപുരം: രണ്ടുവർഷമായി നാട്ടുകാർക്കും സഞ്ചാരികൾക്കും ദുരിതം സമ്മാനിച്ചിരുന്ന റോഡ് അരദിവസം കൊണ്ട് ഗതാഗത യോഗ്യമാക്കി പൊതുമരാമത്ത് വകുപ്പിന്‍റെ 'ശുഷ്കാന്തി'. മന്ത്രി മുഹമ്മദ് റിയാസിന്‍റെ സന്ദർശനത്തിന്‍റെ ചൂടറിഞ്ഞതോടെയാണ് അദ്ദേഹം പോയതിനുപിന്നാലെ ദ്രുതഗതിയില്‍ പാതയുടെ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി അധികൃതർ 'മാതൃകയായത്'.

ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച അറ്റകുറ്റപ്പണികൾ രാത്രി വൈകിയും നീണ്ടു. വൈകുന്നേരത്തോടെ പാതയുടെ കുഴികൾ പൂർണമായും അടയ്ക്കണമെന്ന് കർശന നിർദേശം നൽകിയാണ് മന്ത്രി പോയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ.എസ്.ടി.പി.എ അധികൃതരും പൊതുമരാമത്ത് വകുപ്പും ചേർന്ന് പാത നവീകരിച്ചത്.

വേഗത്തില്‍ തന്നെ കുഴികൾ മെറ്റലും ടാറും ഉപയോഗിച്ച് അടക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.

നേരത്തെ കോടതി വിധി ഉണ്ടായിരുന്നിട്ടും പാത നവീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി കാണിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതാണ് മന്ത്രിയെ കൂടുതൽ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ 14ന് മുമ്പ് പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. പുനലൂർ-പൊൻകുന്നം പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാതയുടെ തകർന്ന ഭാഗങ്ങൾ നവീകരിക്കാൻ അധികൃതർ തയാറായിരുന്നില്ല.

ശബരിമല തീർഥാടന കാലത്തിന് ഒരുമാസം മാത്രം അവശേഷിക്കേ പാതകളുടെ തകർച്ചയെ പറ്റി കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇരുചക്രവാഹനങ്ങൾ പോലും സുരക്ഷിതമായ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. വാളകം-പത്തനാപുരം ശബരി ബൈപാസ് കൂടി ഉള്ളതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു തീർഥാടകര്‍ പട്ടണത്തിലൂടെയാണ് പോകുന്നത്.

Tags:    
News Summary - poor road condition-minister solved the issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.