പത്തനാപുരം: പേവിഷ ബാധയേറ്റ് എട്ടു വയസുകാരി മരിക്കാനിടയായ സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും, സൂപ്രണ്ടിനും എതിരെ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ എൻ. ഹബീറയാണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്. ഏപ്രിൽ എട്ടിനാണ് ഹബീറയുടെ മകൾ നിയ ഫൈസലിനെ തെരുവ് നായയുടെ കടിയേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടർ സംഭവം നിസാരവത്കരിച്ചുവെന്നും, അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ, മുറിവിന്റെ ആഴം പോലും മനസ്സിലാക്കാതെ ഇൻജക്ഷൻ നൽകിയെന്നുമായിരുന്നു ഹബീറയുടെ ആദ്യം മുതലുള്ള ആക്ഷേപം.
പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയ ഫൈസൽ ചികിത്സയിലിരിക്കെ മെയ് അഞ്ചിന് മരിക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ നിയ ഫൈസലിനെ ചികിത്സിച്ച ഡോക്ടറുടെ പേരും, ഇൻജക്ഷൻ നൽകിയവരുടെ പേരും, മരുന്നിന്റെ ബാച്ച് നമ്പർ ഉൾപ്പെടെ ആവശ്യപ്പെട്ട് ഹബീറ വിവരാവകാശ നിയമ പ്രകാരം നാല് മാസം മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ ഒ.പി. ചികിത്സ രേഖകൾ സൂക്ഷിക്കാറില്ലെന്ന വിചിത്ര ന്യായം ഉയർത്തി അധികൃതർ തടി തപ്പി.
കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പരസ്പര സഹായികളായി പ്രവർത്തിക്കുകയാണെന്നും, ഇതിന് പിന്നിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും, ഡോക്ടർമാരെ സംരക്ഷിക്കുന്ന ആശുപത്രി സൂപ്രണ്ടിനെയും പ്രതി ചേർത്ത് ക്രിമിനൽ കേസെടുക്കണമെന്നും ഹബീറ പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.