പറവൂർ: ലഹരിക്കെതിരെ സന്ദേശവുമായി മണ്ണിനേയും പ്രകൃതിയേയും മനുഷ്യനേയും തൊട്ടറിഞ്ഞ് കൊച്ചി മുതൽ ശ്രീലങ്ക വരെ സൈക്കിളിൽ സൗഹൃദയാത്രക്ക് ഒരുങ്ങി മൂവർ സംഘം. പറവൂർ പെരുവാരം തച്ചങ്ങാട്ട് ശ്യാം രാജ്, പെരുമ്പടന്ന കൊച്ചുപറമ്പ് കെ.ഡി. ലൈജു, നെട്ടൂർ നെടുംകുഴി നിക്സൺ എന്നിവരാണ് 2200 കിലോമീറ്ററോളം സൈക്കിളിൽ സൗഹൃദ സവാരിക്ക് ഒരുങ്ങുന്നത്. ഇവരുടെ യാത്ര ഞായറാഴ്ച ഉച്ചക്ക് 12ന് പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇവർ ഒരുമിച്ച് ഒട്ടേറെ യാത്രകൾ സൈക്കിളിൽ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ഇതാദ്യം. ഇടുക്കി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട്, തേനി വഴി നാഗപട്ടണത്തെത്തും. ഇവിടെ നിന്ന് കപ്പൽ മാർഗം യാത്ര ചെയ്ത് ശ്രീലങ്കയിലെ കങ്കേശുപട്ടണത്ത് എത്തിച്ചേരും. മുല്ലത്തീവ്, ജാഫ്ന വഴി 24ന് കൊളംബോയിലെത്തും. ഇവിടെ നിന്ന് സ്വീകരണം ഏറ്റുവാങ്ങി ശ്രീലങ്കയുടെ വിവിധ പ്രദേശങ്ങൾ സഞ്ചരിക്കാനാണ് പരിപാടി. കുറഞ്ഞത് 100 കിലോമീറ്ററോളം ദിവസവും സഞ്ചരിക്കും. സൗഹൃദ സവാരിയായതിനാൽ ഉച്ചവെയിലും രാത്രിയുള്ള സഞ്ചാരവുമെല്ലാം ഒഴിവാക്കും. മത്സരങ്ങളിലും മറ്റ് സഞ്ചാരങ്ങളിലും 24 മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ വരെ ഇവർ പിന്നിട്ടിട്ടുണ്ട്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പ്രചരണാർഥം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിരവധി തവണ സൈക്കിളിൽ ഇവർ സഞ്ചരിച്ചിട്ടുണ്ട്. സൈക്ലിസ്റ്റ് ക്ലബായ ഓഡന്റ് ക്ലബ് ഫ്രാൻസിൽ സംഘടിപ്പിച്ച റൈഡിൽ 83 മണിക്കൂർ കൊണ്ട് 1219 കിലോമീറ്റർ സഞ്ചരിച്ച് അപൂർവ നേട്ടം കൈവരിച്ച ആദ്യ മലയാളിയാണ് പെരുമ്പടന്നയിൽ ഹോട്ടൽ നടത്തുന്ന കെ.ഡി. ലൈജു. കൂടാതെ 100 മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് സൈക്കിളിൽ നേപ്പാളിലെത്തിയെന്ന മികച്ച നേട്ടവും ലൈജുവിന് സ്വന്തം. നെട്ടൂരിൽ കാർപെന്റർ വർക്ക്ഷോപ്പ് നടത്തുന്ന നിക്സൺ, ട്രയാത്ത് ലോണിലും പെന്റാത്ത് ലോണിലും ദേശീയ തലത്തിൽ ഓവറോൾ ചാമ്പ്യനാണ്. മാരത്തൺ മത്സരങ്ങളിലും നിക്സൺ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സൈക്കിളിൽ സഞ്ചരിച്ചതിന്റെ വലിയ അനുഭവമാണ് റഫ്രിജറേറ്റർ വർക്ക്ഷോപ്പ് ഉടമയായ ശ്യാംരാജിനുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സാന്റ് മോണിക്ക പദ്ധതിയുടെ ആദ്യ യാത്രക്കാരാണ് തങ്ങളെന്ന് ഇവർ പറഞ്ഞു. ജൂലൈ മൂന്നിന് ഇവർ കൊച്ചിയിൽ തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.