കേരള സർവകലാശാല യുവജനോത്സവം: പോരിൽ മുമ്പിൽ ഇവാനിയോസ്

യുവജനോത്സവം തീർക്കാതിരിക്കാൻ പറ്റുമോ? രണ്ട് കൊല്ലം കാത്തുകാത്തിരുന്ന് കിട്ടിയ വൈബ് ഡേയ്സ് കൊല്ലത്തെ കോളജുകളെല്ലാം ഒന്ന് കറങ്ങിവന്നപ്പോഴേക്കും തീർന്നുപോയല്ലോ ഗയ്സ് എന്ന സങ്കടം ഇങ്ങനെ തുളുമ്പി വരുമ്പോൾ ആ ചോദ്യം എങ്ങനെ ചോദിക്കാതിരിക്കും. അതുംചോദിച്ച് ചെന്നപ്പോൾ സംഘാടകർ പറയുകയാ ഇക്കൊല്ലത്തെ മത്സരമൊക്കെ തീർന്നു, ജാവോ ജാവോന്ന്... എന്ത് ചെയ്യാനാ, ഉള്ളില് സങ്കടമുണ്ട് ട്ടാ ഡയലോഗും അടിച്ച് റ്റാറ്റാ ബൈ ബൈ പറഞ്ഞ് പിള്ളേര്സെറ്റ് ഇറങ്ങുകയായി. കാവിലെ പാട്ടുമത്സരത്തിന്...അല്ല.... അടുത്ത യൂത്തുത്സവത്തിന്വീണ്ടും പൊളിക്കാമെന്ന് കട്ടായം പറഞ്ഞ്

കൊല്ലം: അഞ്ചുനാൾ പാറിപ്പറന്ന ആവേശക്കൊടി ഇന്നു താഴും. കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന് മനസ്സില്ലാ മനസ്സോടെ യുവത്വം വിടപറയുമ്പോൾ കിരീടപ്പോരാട്ടത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിന്‍റെ ആധിപത്യം.

നാലാം ദിനത്തിൽ ഇടക്ക് രണ്ടാംസ്ഥാനത്തേക്ക് കയറിയ യൂനിവേഴ്സിറ്റികോളജ് നാടോടി നൃത്തത്തിെൻറ ഫലം വന്നതോടെ മൂന്നാമതായി. സ്വാതി തിരുന്നാൾ കോളജാണ് രണ്ടാം സ്ഥാനത്ത്.

ഇവാനിയോസ് 155 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 128 പോയന്‍റുള്ള തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജ് രണ്ടാം സ്ഥാനത്തുണ്ട്. 119 പോയന്‍റാണ് യൂനിവേഴ്സിറ്റി കോളജിന്. തിരുവനന്തപുരം ഗവ. വനിത കോളജ് (68) നാലും, ആതിഥേയരായ കൊല്ലം എസ്.എൻ കോളജ്(66) അഞ്ചും സ്ഥാനങ്ങളിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്ന് 5000ത്തോളം പേരാണ് നാലു ദിനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. ബുധനാഴ്ച വൈകീട്ട് ആറിന് സമാപനസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഓവറോൾ ജേതാക്കൾക്കുള്ള ട്രോഫിയും കലാപ്രതിഭ, കലാതിലക പട്ടങ്ങളും മന്ത്രി വിതരണം ചെയ്യും.

ചാക്യാർക്കായി ഓട്ടം, നങ്ങ്യാന്മാർക്കായി കാത്തിരിപ്പ്

കൊല്ലം: ചാക്യാർകൂത്തിന്‍റെ രസം നുകരാൻ ചൊവ്വാഴ്ച രാവിലെ ഫാത്തിമ മാതയിലെ വേദിയിലെത്തിയവർക്ക് കാണാൻ കഴിഞ്ഞത് ഒരു ചാക്യാരെക്കൂടി കിട്ടുമോ എന്ന ചോദ്യവുമായി ഓടിനടക്കുന്നവരെ. ആകെ വന്നത് ഒരു ചാക്യാർ. മത്സരം നടക്കണമെങ്കിൽ രണ്ടുപേർ കൂടി വേണമെന്ന് വന്നതോടെ ആദ്യം വന്ന മത്സരാർഥിക്ക് ഒപ്പമുള്ളവർതന്നെ പാഞ്ഞുനടന്നു ആളെ കണ്ടുപിടിക്കാൻ. ഇനി ഏതേലും വേദിയിൽ ചാക്യാർ സമയമായതറിയാതെ ഇരിപ്പാണെങ്കിലോ.

സമയം പറഞ്ഞിരുന്നത് ഒമ്പത്. പത്തായി, പതിനൊന്നായി. ഒടുക്കം രണ്ടുപേരെ കൊണ്ട് രജിസ്റ്റർ ചെയ്യിച്ച് ചെസ്റ്റ് നമ്പർ വാങ്ങിച്ചു. 12.30ന് മത്സരത്തിന് തുടക്കം. ആദ്യ ചാക്യാർ മനോഹരമായി കൂത്ത് നടത്തി കാണികളെ കൈയിലെടുത്തു. ബാക്കി രണ്ടുപേരും സ്വാഭാവികമായും 'ആബ്സന്‍റ്'. ചാക്യാർകൂത്ത് ജീവിതത്തിലെ പാഷനായി കൊണ്ടുനടക്കുന്ന മാർ ഇവാനിയോസിന്‍റെ ആർ.എസ്. ആകാശാണ് പോയന്‍റുമായി മടങ്ങിയത്. തൊട്ടുപിന്നാലെ നങ്ങാർകൂത്തിനായി അനൗൺസ് ചെയ്ത് മടുക്കുന്ന പിന്നണിക്കാർ സദസ്സിൽ ചിരി പടർത്തുന്ന കാഴ്ചയായിരുന്നു. ഞങ്ങളിപ്പോൾ കാൻസൽ ചെയ്യുമെന്ന ഭീഷണിയുമായി അനൗൺസർമാർ കാത്തിരുന്നത് രണ്ട് മണിക്കൂറാണ്.

കഥാപ്രസംഗം വിധികർത്താവിനെ മാറ്റി

കൊല്ലം: ടി.കെ.എം ആർട്സ് കോളജിൽ നടന്ന കഥാപ്രസംഗ മത്സരത്തിനിടെ വിധികർത്താവിനെ മാറ്റി. കഥാപ്രസംഗം വിലയിരുത്താനെത്തിയ കാഥികൻ അയിലം ഉണ്ണികൃഷ്ണനെയാണ് ഒഴിവാക്കിയത്. സ്വാതി തിരുനാൾ കോളജിലെ മത്സരാർഥിയെ പരിശീലിപ്പിച്ചതും സംഗീതോപകരണങ്ങൾ വായിക്കാനെത്തിയതും വിധികർത്താവിന്‍റെ സംഘമാണ്. മറ്റുള്ളവർ തെളിവു സഹിതം സർവകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടും ആദ്യം വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായില്ല.

തുടർന്ന് മത്സരിക്കാൻ വേദിയിൽ കയറില്ലെന്ന് മത്സരാർഥികൾ നിലപാടെടുക്കുകയും പരാതി യൂനിവേഴ്സിറ്റി യൂനിയനെ അറിയിക്കുകയും ചെയ്തതോടെ പകരം മറ്റൊരാളെത്തി. നാല് പ്രകടനങ്ങൾ കഴിഞ്ഞശേഷമാണ് ആരോപണം ഉയർന്നത്. തുടർന്ന് രണ്ട് മണിക്കൂറോളം മത്സരം നിർത്തിവെച്ചു. മികച്ച നിലയിൽ കഥാപ്രസംഗം അവതരിപ്പിച്ച വിദ്യാർത്ഥികൾക്കൊന്നും ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ചതുമില്ല. മറ്റ് മത്സരാർത്ഥികൾ പരാതിയുമായി സംഘാടകരെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - mar ivanios college first in kerala university youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.