ബാ​ങ്കി​ന് മു​ന്നി​ല്‍ ​പ്രതിഷേധിക്കു​ന്ന യു​വ​തി

സഹ. ബാങ്ക് ലോക്കറിലെ 48 പവന്‍ കാണാനില്ല; പ്രതിഷേധവുമായി യുവതി

കുണ്ടറ: പേരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 48 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. പേരൂര്‍ മംഗലത്ത് വടക്കതില്‍ ധന്യയാണ് പരാതി നല്‍കിയത്. ഇവര്‍ പറയുന്നത്: 2013ലാണ് ലോക്കര്‍ ആരംഭിച്ചത്. പല സമയങ്ങളിലായി ലോക്കറില്‍ 48 പവന്‍ സൂക്ഷിച്ചു. 2024 ഡിസംബര്‍ 10ന് ലോക്കര്‍ തുറന്ന് 1.25 ഗ്രാം വരുന്ന കൈചെയിന്‍ എടുത്തു. ബാക്കിയുള്ള സ്വര്‍ണം കണ്ട് ബോധ്യപ്പെട്ട് ലോക്കറില്‍ തന്നെ വെക്കുകയും ലോക്കര്‍ പൂട്ടി ബാങ്ക് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ താന്‍ വന്ന കാര്യം എഴുതി വെക്കുകയോ രജിസ്റ്ററില്‍ ഒപ്പിടീക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് കഴിഞ്ഞ 22 നാണ് വീണ്ടും ലോക്കര്‍ തുറക്കാശനത്തുന്നത്. അന്ന് ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാല്‍ തുറക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. 27ന് വീണ്ടും ബാങ്കില്‍ എത്തി ലോക്കര്‍ ക്ലോസ് ചെയ്യുകയാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. നടപടി പൂര്‍ത്തിയാക്കിയ ശേഷം തന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് താക്കോല്‍ പരിശോധിക്കാന്‍ താന്‍ പുറത്തേക്ക് പോയ സമയം ലോക്കര്‍ തുറന്നു എന്ന് പറഞ്ഞ് തിരികെ വിളിച്ചു. തുടര്‍ന്ന് സ്വര്‍ണം വെച്ച ബോക്‌സുകള്‍ പരിശോധിച്ചപ്പോള്‍ അവ ശൂന്യമായിരുന്നു.

സംഭവദിവസം തന്നെ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും 10 ദിവസം വരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. പൊലീസ് കമീഷണറെ കണ്ട ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്. ബാങ്കിന്റെ പ്രസിഡന്റുമായി സംസാരിച്ചപ്പോള്‍ കേസുമായി മുന്നോട്ട് പോയ്ക്കോളൂ എന്നാണ് പറഞ്ഞത്. അതേസമയം സംഭവത്തില്‍ കിളികൊല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോപണത്തില്‍ പൊരുത്തക്കേടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് അന്വേഷണത്തിന് ഉപസമിതിയെ നിയോഗിച്ചെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നും കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാങ്ക് രജിസ്റ്റേര്‍ഡ് കത്ത് അയച്ചിട്ടും പരാതിക്കാരിയായ ധന്യ ഹാജരായിരുന്നില്ല. ബാങ്ക് രേഖകളില്‍, 2017ന് ശേഷം ലോക്കര്‍ ഉപയോഗിച്ചതായി കാണുന്നില്ല. ധന്യയുടെ പരാതിയില്‍ വൈരുധ്യം ഉള്ളതിനാല്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാധാരണയായി ഉപഭോക്താവ് ലോക്കര്‍ തുറക്കാന്‍ കയറിക്കഴിഞ്ഞാല്‍ ബാങ്കിന്റെ കൈവശമുള്ള മാസ്റ്റര്‍ കീ ഉപയോഗിച്ച് തുറന്ന ശേഷം ബാങ്ക് ജീവനക്കാര്‍ സ്ഥലത്തുനിന്ന് മാറിനില്‍ക്കും.

പിന്നീട് ഉപഭോക്താവ് രജിസ്റ്ററില്‍ എഴുതിയശേഷം, അകത്ത് കയറി തന്റെ കൈവശമുള്ള കീ ഉപയോഗിച്ച് ലോക്കര്‍ തുറക്കും. സാധനങ്ങള്‍ എടുക്കുകയോ വെക്കുകയോ ചെയ്ത ശേഷം ഉപഭോക്താവ് ലോക്കര്‍ പൂട്ടും. പിന്നീട് മാസ്റ്റര്‍ കീ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരും പൂട്ടും. ഏതെങ്കിലും ഒരു താക്കോല്‍ ഉപയോഗിച്ച് മാത്രം ലോക്കര്‍ തുറക്കാനാകില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സഹകരണ രജിസ്ട്രാര്‍ ഉള്‍പ്പെടെ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണ്.

Tags:    
News Summary - 48 pawan missing from Co. Bank locker; Woman protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.