കൊല്ലം: ആനയും ആരവവും നിറഞ്ഞ ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ പൂരം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൂര്‍വാധികം സമ്പുഷ്ടമായി അരങ്ങേറി. ശനിയാഴ്ച ക്ഷേത്രസന്നിധിയിലും രാത്രിയോടെ ആശ്രാമം മൈതാനത്തും നടന്ന കുടമാറ്റം തിങ്ങിനിറഞ്ഞ ആയിരങ്ങളെ പൂരലഹരിയിലാക്കി.

ആശ്രാമം മൈതാനത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും മുഖാമുഖം അണിനിരന്ന കുടമാറ്റം വൈകീട്ട് ഏഴരയോടെയാണ് ആരംഭിച്ചത്. 11 ആനകള്‍ വീതം അണിനിരന്ന കുടമാറ്റം രണ്ട് മണിക്കൂര്‍ നീണ്ടു.

ശനിയാഴ്ച രാവിലെ ഒമ്പതോടെ 10 ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ എഴുന്നള്ളത്തോടെയാണ് പൂരാവേശത്തിന് തുടക്കമായത്. പുത്തന്‍കുളം അര്‍ജുന്‍ പുതിയകാവ് ദേവിയുടെയും കരിവീരന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ താമരക്കുളം മഹാഗണപതിയുെടയും തിടമ്പേറ്റി. തൃക്കടവൂര്‍ ശിവരാജു ആശ്രാമം ക്ഷേത്ര തിടമ്പേറ്റി. ക്ഷേത്രസന്നിധിയില്‍ ചെറുപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടെ ആനനീരാട്ട് നടന്നു. തുടര്‍ന്ന് നടന്ന ആനയൂട്ടും നിരവധി കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചത്.

2.30ന് ആവേശച്ചൂടിൽ ആല്‍ത്തറമേളം നടന്നു. ക്ഷേത്രത്തിന് മുന്നില്‍ ചൊവ്വല്ലൂര്‍ മോഹനവാര്യരുടെയും വൈക്കം ക്ഷേത്രം കലാപീഠം തൃക്കടവൂര്‍ അഖിലിന്‍റെയും നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ മേളപ്പെരുക്കമൊരുങ്ങി. താളം പിടിച്ച് പുരുഷാരവും ഒന്നിച്ചതോടെ പൂരപ്രേമികള്‍ക്ക് ആല്‍ത്തറമേളം നവ്യാനുഭവമായി. ഉച്ചക്ക് രണ്ടിന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. തുടര്‍ന്ന് 3.30ന് കൊടിയിറക്കി തിടമ്പേറ്റിയ തൃക്കടവൂര്‍ ശിവരാജു എഴുന്നള്ളി നിന്നതോടെ ക്ഷേത്രതിരുമുന്നില്‍ കുടമാറ്റം ആരംഭിച്ചു. വൈകീട്ട് അഞ്ചിന് താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും മുഖാമുഖം അണിനിരക്കുന്ന കുടമാറ്റം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴരയോടെയാണ് തുടങ്ങിയത്. അനുമതിയില്ലാത്തതിനാല്‍ വെടിക്കെട്ടുണ്ടായിരുന്നില്ല. ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

Tags:    
News Summary - Kollam Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.