കൊല്ലം ആശ്രാമത്ത് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കൊല്ലം: രാജ്യം കൂടുതൽ ശ്രദ്ധിക്കുന്ന സമൂഹമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടിനെ മനുഷ്യാലയമാക്കുന്നതിൽ ഗുരു വഹിച്ച പങ്ക് നിസ്തുലമാണ്.
ഗുരുവിന്റെ പ്രസക്തി ലോകം മനസ്സിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി, ഇതിനായി ഗുരു നടത്തിയ പ്രവർത്തനങ്ങൾ താരതമ്യമില്ലാത്തതാണ്.
എല്ലാ സംസ്കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മണ്ണാണ് കൊല്ലത്തിന്റേത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ അധിനിവേശ വിരുദ്ധ സമരങ്ങളും കല്ലുമാല സമരമുൾപ്പെെടയുള്ള നവോത്ഥാന മുന്നേറ്റ പോരാട്ടങ്ങൾ ഇന്ത്യൻ ചരിത്രരചനയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്തതാണ്.
കൊല്ലം ആശ്രാമത്ത് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണഗുരു പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ തുടങ്ങിയവർ സമീപം
ഇത്രയേറെ സാംസ്കാരിക ചരിത്രമുള്ള മണ്ണിലാണ് ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക നിലയം പ്രവർത്തനമാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരിക നിലയം ഫലപ്രദമായി ഉപയോഗിക്കാനാവശ്യമായ നടപടികൾ സാംസ്കാരിക വകുപ്പ് സ്വീകരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 50 കോടി രൂപ ചെലവിൽ സംസ്കാരിക നിലയങ്ങൾ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ സാംസ്കാരിക സമുച്ചയം ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്ത് ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മറ്റു ജില്ലകളിലെ സാംസ്കാരിക നിലയങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അധ്യക്ഷതവഹിച്ച മന്ത്രി സജി ചെറിയാന് പറഞ്ഞു.
ജില്ലയിലെ കലാസാമൂഹിക പരിപാടികൾക്ക് സാംസ്കാരിക സമുച്ചയം വേദിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യാതിഥിയായ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സാംസ്കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെവിലാണ് സാംസ്കാരിക സമുച്ചയം നിർമിച്ചത്.
ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷന് സംവിധാനങ്ങളടങ്ങിയ എ.വി തീയേറ്റര്‍, ബ്ലാക്ക് ബോക്സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവക്ക് പുറമെ, ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശിൽപശാലകള്ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രി ജെ. ചിഞ്ചുറാണി, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ മുഖ്യാതിഥികളായി.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍.കരുണ്‍, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, പി.എസ്. സുപാൽ, കോവൂർ കുഞ്ഞുമോൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, കലക്ടര്‍ അഫ്സാന പർവീണ്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.