വികസന വാഗ്ദാനങ്ങൾ നൽകിയാണ് ജില്ലയിൽ ഓരോവർഷവും സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ കടന്നുപോകുന്നത്. പല പദ്ധതികളും പ്രഖ്യാപനങ്ങളല്ലാതെ തുടർ നടപടികളുണ്ടാകുന്നത് വിരളമാണ്.
മുൻ വർഷങ്ങളിലും വിവിധ വാഗ്ദാനങ്ങൾ നൽകി ജില്ലക്ക് പ്രത്യേക പരിഗണന നൽകിയ മന്ത്രി ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. മുൻ പദ്ധതികൾ പലതും വാഗ്ദാനത്തിൽ ഒതുങ്ങിയതിന്റെ കൂട്ടത്തിലേക്ക് പുതിയത് എന്താകും എന്നതാണ് ആകാംക്ഷ നിറക്കുന്നത്.
പുനലൂരിന്റെ സമ്പൂർണ ശുദ്ധജല പദ്ധതി ലക്ഷ്യംവെച്ചുകൊണ്ടാണ് കഴിഞ്ഞ സംസ്ഥാനബജറ്റിൽ 250 കോടിയുടെ പ്രഖ്യാപനമുണ്ടായത്. എന്നാൽ, പ്രഖ്യാപനമല്ലാതെ ഒരു കുടുംബത്തിനുപോലും കുടിവെള്ളമെത്തുന്ന പ്രവർത്തനങ്ങൾക്ക് ഇതുവരെയും തുടക്കമായിട്ടില്ല. പുനലൂർ ബൈപാസിനായി 250 കോടിയുടെ പ്രഖ്യാപനവും കടലാസിൽതന്നെയാണ്. താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബിനായി 5കോടി അനുവദിച്ചെങ്കിലും ഇതുവരെയും പ്രവർത്തനമാരംഭിച്ചിട്ടില്ല. 5 കോടി പ്രഖ്യാപനമുണ്ടായ റവന്യു ടവറും കടലാസിൽതനെനയാണ്. എല്ലാം ഫണ്ട് ലഭിച്ചാൽ മാത്രം നടപ്പാക്കുന്ന ടോക്കൺ അഡ്വാൻസ് പദ്ധതികളായിരുന്നു.
കുണ്ടറയുടെ പ്രധാന ഗതാഗതപ്രശ്നമായ റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ്. പല ബജറ്റുകളിലും പ്രഖ്യപനങ്ങളല്ലാതെ പ്രദേശവാസികളൂടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. കുണ്ടറ പഞ്ചായത്തിൽ സ്റ്റേഡിയത്തിനായി ഒരുകോടിയും തൃക്കോവിൽവട്ടം എഫ്.എച്ച്.സിക്ക് കെട്ടിട നിർമാണത്തിനായി 1.5 കോടിയും കുണ്ടറ-കൊട്ടിയം റോഡിൽ കണ്ണനല്ലൂരിൽ നിന്നും കുണ്ടറ ഭാഗത്തേക്കുള്ള റോഡിന്റെ ഉപരിതലം ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 2.5 കോടിയും പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളൊന്നുമുണടായിട്ടില്ല.
കൊല്ലം ബീച്ചിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് 10 കോടി, കൊല്ലം ആശ്രാമം ഹെറിറ്റേജ് മേഖലയുടെ (ഗെസ്റ്റ് ഹൗസ് കോംപൗണ്ട്) സൗന്ദര്യവത്കരണത്തിനും ടൂറിസം വികസനത്തിനും അറ് കോടി, കൊല്ലം തുറമുഖത്ത് ചരക്ക് ഗതാഗതവും ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആഴം വർധിപ്പിക്കുന്നതിനും വാർഫ് നിർമാണത്തിനായി എട്ട് കോടി, കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിൽ പുതിയ അക്കാദമിക് ബ്ലോക് നാല് കോടി എന്നിങ്ങനെ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും തുടർനടപടികളായില്ല.
മുൻ വർഷങ്ങളിൽ പ്രഖ്യാപനങ്ങളെത്തിയ പല പദ്ധതികളും ഫയലുകഴിൽ ഉറങ്ങുകയാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമെത്തിയ കരീപ്ര പഞ്ചായത്തിലെ കൽച്ചിറ പാലം നിർമാണം -നാല് കോടി, നെടുവത്തൂർ പഞ്ചായത്തിൽ സാംസ്കാരിക കേന്ദ്രം നിർമാണം- രണ്ട് കോടി എന്നീ പദ്ധതികളുടെ തുടർനടപടികളെങ്ങുമെത്തിയില്ല. അഞ്ച് കോടി അനുവദിച്ച കൊട്ടാരക്കരയിലെ പുതിയ പൊതുമരാമത്ത് വിശ്രമകേന്ദ്രം നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പത്തനാപുരം താലൂക്ക് ആശുപത്രിക്ക് ബഹുനിലകെട്ടിടങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 75 കോടി സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാമത്തെനിലയുടെ കോൺക്രീറ്റ് പ്രവൃത്തികൾ നടന്നുവരികയാണ്.
ചങ്ങൻകുളങ്ങര - വള്ളിക്കാവ് റോഡ് നിർമാണത്തിന് രണ്ട് കോടി, കരുനാഗപ്പള്ളി - ആലുംകടവ് റോഡ് നിർമാണത്തിന് മൂന്ന് കോടി (20 ശതമാനം വകയിരുത്തൽ) എന്നീ പദ്ധതികളുടെ ടെൻഡർ നടപടി നടത്തിയെങ്കിലും കരാറുകാരെ കിട്ടാത്തതിനാൽ റീ ടെൻഡർ ക്ഷണിച്ച് തുടർനടപടിക്കായി കാത്തിരിക്കുകയാണ്.
സർക്കാർ എൻജിനീയറിങ് കോളജ്, കാലിത്തീറ്റ ഫാക്ടറി, ശാസ്താംകോട്ട കോർട്ട് കോംപ്ലക്സ്, ശൂരനാട് പള്ളിക്കലാറിനു കുറുകെ റഗുലേറ്റർ ലൈറ്റർ കം ബ്രിജ്, കാഞ്ഞിരത്തുംകടവ് പാലം, ചക്കുവള്ളി സ്റ്റേഡിയം എന്നിവയ്ക്ക് ഒരു കോടിരൂപ വീതം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒരു പദ്ധതിയിലും തുടർ നടപടി ഉണ്ടായിട്ടില്ല.
കൊല്ലം പബ്ലിക് ലൈബ്രറിനവീകരണത്തിന് രണ്ട് കോടി രൂപ, കൊല്ലം കോർപറേഷൻ കിളികൊല്ലൂർ സോണിൽ അയത്തിൽ പെട്രോൾ പമ്പ്- ഇഞ്ചയ്ക്കൽ മൂർത്തി ക്ഷേത്രം- ഇലവന്തി - റെയിൽ വേ ലൈൻ റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപ, വടക്കേവിള സോൺ മാടൻ നട-തമ്പുരാൻ മുക്ക്- വെളിയിൽ ക്ഷേത്രം- പാട്ടത്തിൽകാവ്, ശംഖുമുഖം - വേലംവയൽ റോഡ് നവീകരണത്തിന് മന്ന് കോടി രൂപ, വടക്കേവിള സോണിൽ ബൈപാസ് എസ്എൻ പബ്ലിക് സ്കൂൾ - രണ്ടാംനമ്പർ റോഡ് നവീകരണത്തിന് രണ്ട് കോടി രൂപ, പള്ളിമുക്ക് ഡിവിഷൻ ബ്ലൂസ്റ്റാർ ജങ്ഷൻ-കളീലിൽ ജങ്ഷൻ -അക്കരവിള ഓട നവീകരണത്തിനും കവറിങ് സ്ലാബ് നിർമാണത്തിനും രണ്ട് കോടി രൂപ, മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂർ മസ്ജിദ്-മാഞ്ഞാലിമുക്ക്- കളീലഴികത്ത് മുക്ക് റോഡ് നവീകരണത്തിന് ഒരുകോടി രൂപ എന്നീ പദ്ധതികളുടെ പ്രഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പല പദ്ധതികളുടെയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
മണ്ഡലത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു പരവൂർ-മയ്യനാട് കായൽപാലം. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 25 കോടി പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ചാത്തന്നൂർ ഗവ. ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗവ. ഐ.ടി.ഐ കെട്ടിടങ്ങളുടെ നിർമാണപ്രർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
15 കോടി പ്രഖ്യാപിച്ച കെ.ഐ.പി പരവൂർ ഡിസ്ട്രിബ്യൂട്ടറി പൂർത്തീകരണവും എങ്ങുമെത്താതെ നീളുകയാണ്. ചിറക്കര, ആദിച്ചനല്ലൂർ, ചാത്തന്നൂർ, പൂതക്കുളം, പരവൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം 10 കോടി, നെല്ലേറ്റിൽ-കാപ്പിൽപാലം നിർമാണം 10 കോടി തുടർനടപടികളുണ്ടായിട്ടില്ല. 15 കോടി പ്രഖ്യാപിച്ച പരവൂർ കാപ്പിൽ പാലത്തിനു വടക്ക് പുലിമുട്ടിന്റെ നിർമാണം പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
നീണ്ടകര ഗ്രാമപഞ്ചായത്ത് ഓഫിസ് അമ്പിളിമുക്ക് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ 3.24 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു. ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും ബജറ്റിൽ വകയിരുത്തിയതിൽ കൂടുതൽ തുകയായതിനാൽ കാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്..
കുമ്മിൾ സംഭ്രമം മുല്ലക്കര തച്ചോണം റോഡ്, കടയ്ക്കൽ ടൗൺ കിംസാറ്റ്, ബീഡിമുക്ക് ചണ്ണപ്പേട്ട, ഇളമാട് തേവന്നൂർ, പന്തളംമുക്ക് ചരിപ്പറമ്പ്, ചടയമംഗലം പാവൂർ മഞ്ഞപ്പാറ കോട്ടുക്കൽ ഗുഹാക്ഷേത്രം, പാങ്ങലുകാട് കൊണ്ടാടി തുളസിമുക്ക് റോഡുകളുടെ നവീകരണത്തിന് 15 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പ്രവൃത്തികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.