പ്രാ​ഥ​മി​ക വൈ​ദ്യപ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ നെ​ഞ്ച​ള​വ് എ​ടു​ക്കു​ന്നു

അഗ്നിവീർ ആകാൻ ആവേശത്തോടെ

കൊല്ലം: മാസങ്ങൾ നീണ്ട തയാറെടുപ്പിനൊടുവിൽ 'അഗ്നിവീർ' പ്രതീക്ഷയുമായി കൊല്ലത്തിന്‍റെ മണ്ണിലെത്തിയത് ആയിരത്തോളം ചെറുപ്പക്കാർ. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലിയിൽ ആവേശപൂർവമായ പങ്കാളിത്തം.

ശാരീരിക ക്ഷമത പരിശോധനയും പ്രാഥമിക വൈദ്യ പരിശോധനയുമാണ് ആദ്യ ദിനത്തിൽ നടന്നത്. വന്നവരിൽ ബഹുഭൂരിപക്ഷത്തിനും ശാരീരികക്ഷമത പരീക്ഷയിൽ ലക്ഷ്യത്തിലെത്താനായില്ല. മികച്ച പ്രകടനവുമായി മുന്നേറിയവർക്ക് വെള്ളിയാഴ്ച സമ്പൂർണ വൈദ്യ പരിശോധന കടമ്പകൂടി ബാക്കിയാണ്.

കോട്ടയം, എറണാകുളം ജില്ലകളിലെ 1767 ഉദ്യോഗാർഥികൾക്കാണ് ആദ്യ ദിനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായത്. ഇവരിൽ 904 ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ ആറിന് തുടങ്ങിയ റാലിയിൽ പങ്കെടുത്തു. 151 പേർ ആദ്യ കടമ്പയിൽ വിജയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 1931 ഉദ്യോഗാർഥികളെയാണ് വെള്ളിയാഴ്ച പ്രതീക്ഷിക്കുന്നത്.

നവംബർ 19, 20 തീയതികളിൽ കൊല്ലം ജില്ലയിലെ ഉദ്യോഗാർഥികളും 21, 22 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികളും റാലിയിൽ പങ്കെടുക്കും. ഫിസിക്കൽ- മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ നവംബർ 24ന് സമാപിക്കും.

റാലി കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ ആറിന് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കലക്ടർ അഫ്സാന പർവീൻ ഫ്ലാഗ് ഓഫ് ചെയ്തു. ആത്മവിശ്വാസത്തോടെ രാജ്യത്തെ നയിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കലക്ടര്‍ ആശംസകള്‍ നേര്‍ന്നു. ആർമി റിക്രൂട്ട്‌മെന്റ് ബംഗളൂരു സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്. വലിംബെ, തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫിസർ കേണൽ മനീഷ് ഭോല എന്നിവർ പങ്കെടുത്തു.

ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്.

രേഖകളിൽ തുടക്കം, അതികഠിനമായി ഓട്ടവും പുൾഅപ്പും

കൊല്ലം: പുലരുന്നതിന് മുമ്പുതന്നെ റിക്രൂട്ട്മെന്‍റ് റാലി നടപടികൾക്ക് തുടക്കമായി. അഗ്നിവീർ പരീക്ഷ കടമ്പകളിൽ ഉദ്യോഗാർഥികൾക്ക് ആദ്യം നേരിടേണ്ടിവന്നത് രേഖ പരിശോധനയാണ്.

വിജ്ഞാപന പ്രകാരമുള്ള അസ്സൽ രേഖകളും അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഹാജർനിലയും സേന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കി. നിശ്ചിത രേഖകളുള്ളവരെ മാത്രമാണ് സ്റ്റേഡിയത്തിലെ വേദിയിലേെക്കത്തിച്ചത്. അവിടെ ഉദ്യോഗാർഥികളുടെ ഉയരമാണ് ആദ്യം പരിശോധിച്ചത്. നിർദിഷ്ട ഉയരമുള്ളവരെ മാത്രമേ റാലിയിൽ തുടരാൻ അനുവദിച്ചുള്ളൂ.

ശാരീരിക ക്ഷമത പരിശോധനക്കായി 200 പേർ വീതമുള്ള നാല് ബാച്ചുകളായാണ് ഉദ്യോഗാർഥികളെ ഗ്രൗണ്ടിലെത്തിച്ചത്. 1.6 കിലോമീറ്റർ ഓട്ടമായിരുന്നു ശാരീരികക്ഷമത പരീക്ഷയുടെ ആദ്യ ഭാഗം. 400 മീറ്ററുള്ള ട്രാക്കിൽ നാല് റൗണ്ട് വീതം ഓടി 5.45 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു ദൗത്യം.

5.30 മിനിറ്റിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും 5.31 മിനിറ്റ് മുതൽ 5.45 മിനിറ്റ് വരെയുള്ള സമയ പരിധിയിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 48 മാർക്കുമാണ് നൽകിയത്. ആദ്യ റൗണ്ട് പോലും പൂർത്തിയാക്കാൻ കഴിയാതെ ചിലർ പിന്മാറിയപ്പോൾ ലക്ഷ്യം പൂർത്തിയാക്കില്ലെന്ന് ഉറപ്പുള്ളവരെ സേന ഉദ്യോഗസ്ഥർ ട്രാക്കിൽ നിന്ന് മാറ്റിക്കൊണ്ടിരുന്നു.

ഓട്ടത്തിന്‍റെ ആദ്യഘട്ടങ്ങളിൽ മുന്നിട്ടുനിന്നവരിൽ ചിലർ ഫിനിഷ് ചെയ്യാൻ കഴിയാതെ പിന്തള്ളിപ്പോയതും നിമിഷാർധത്തിന്‍റെ വ്യത്യാസത്തിൽ പിന്നിലായിപ്പോയതിനാൽ ഫിനിഷ് ലൈനിൽ തടയപ്പെട്ടവരും നിരാശരായി മടങ്ങി. 5.30 മിനിറ്റിൽ ഓടിക്കയറിയവർക്ക് പച്ച ടാഗും 5.45 മിനിറ്റിൽ കയറിയവർക്ക് മഞ്ഞ ടാഗുമാണ് അണിയിച്ചത്.

തുടർന്ന്, ഈ ഉദ്യോഗാർഥികൾ ഒമ്പത് അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോങ് ജംപും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലൻസിങ് ടെസ്റ്റുമാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. ഈ ടെസ്റ്റുകൾക്ക് മാർക്കില്ല. എന്നാൽ, എല്ലാ ഉദ്യോഗാർഥികളും ഇവയിൽ വിജയിച്ചിരിക്കണം. ശേഷം നടന്ന പുൾഅപ് 'പരീക്ഷ' ഉദ്യോഗാർഥികൾക്ക് പരീക്ഷണമായി.

ഉയരത്തിൽ സ്ഥാപിച്ച ബാറിൽ കുറഞ്ഞത് ആറ് മുതൽ 10 വരെ പുൾ അപ്പാണ് ചെയ്യേണ്ടിയിരുന്നത്. 10 പുൾ-അപ്പുകൾക്ക് 40 മാർക്ക്, ഒമ്പതെണ്ണത്തിന് 33, എട്ട് പുൾ അപ്പിന് 27, ഏഴെണ്ണത്തിന് 21, ആറെണ്ണത്തിന് 16 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് നൽകിയത്. ഓട്ടമത്സരത്തിൽ പച്ചടാഗുമായി ഓടിക്കയറിയ ഉദ്യോഗാർഥി പോലും ആറ് പുൾഅപ് എടുക്കാനാകാതെ പ്രയാസപ്പെട്ടു.

ശാരീരിക ക്ഷമതയിൽ യോഗ്യത തെളിയിച്ചവർക്ക് ഉയരം, ഭാരം, നെഞ്ചിന്റെ വികാസം എന്നിവ അളക്കുന്ന പ്രാഥമിക വൈദ്യ പരിശോധനയാണ് പിന്നെ നേരിടേണ്ടിവന്നത്.

ഇവിടെയും നെഞ്ചിന്‍റെ അളവും ഭാരവും ഏതാനും ഉദ്യോഗാർഥികളെ നിരാശരാക്കി. കായികക്ഷമതയും പ്രാഥമിക വൈദ്യപരിശോധനയും ആദ്യ ദിനത്തിൽ വിജയകരമായി പൂർത്തിയാക്കിയ 151 പേർക്ക് വെള്ളിയാഴ്ച ആർമി മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് നടക്കും. 

ഇനി പ്രവേശന പരീക്ഷ

കൊല്ലം: ശാരീരിക പരീക്ഷയിലും വൈദ്യ പരീക്ഷയിലും യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ ഇനി പൊതു പ്രവേശന പരീക്ഷക്ക്(എഴുത്തു പരീക്ഷ) ഹാജരാകണം. അതിനായി പുതിയ അഡ്മിറ്റ് കാർഡുകൾ നൽകും. പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15ന് നടക്കും. പരീക്ഷയിൽ വിജയിക്കുകയും മെറിറ്റിൽ യോഗ്യത നേടുകയും ചെയ്യുന്ന ഉദ്യോഗാർഥികളെ പരിശീലനത്തിനായി ആർമിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.

Tags:    
News Summary - Excited to be Agniveer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.