കലാതിലകത്തിലേക്ക് കണ്ണുംവെച്ച് കൊല്ലം: കലാലയത്തിലെ അവസാന വർഷം, ഇനിയിങ്ങനെ ഒരു വേദിയില്ല. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോൾ... തൊടുന്നതെല്ലാം പൊന്നാക്കിയുള്ള സോനാ സുനിലിന്‍റെ കുതിപ്പിന് പിന്നിലെ സീക്രട്ട് ഇതാണ്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്നെത്തിയ സോന യുവജനോത്സവത്തിൽ ഇതുവരെ നേടിയത് മൂന്ന് ഒന്നാം സ്ഥാനങ്ങളാണ്. കഥകളിയിലും മോഹിനിയാട്ടത്തിലും ഫാൻസി ഡ്രസിലും. ഹിന്ദി കവിത രചനയിലും ഒപ്പനയിലും ഞായറാഴ്ച മാറ്റുരച്ച സോന, ഗ്രൂപ് ഡാൻസ്, നങ്യാർകൂത്ത്, നാടോടിനൃത്തം എത്തിവയിലും അടുത്ത ദിവസങ്ങളിൽ വേദിയിലെത്തും. കലാതിലകമാകാനുള്ള കുതിപ്പിൽ ഇപ്പോൾതന്നെ 15 പോയന്‍റുമായി ബഹുദൂരം മുന്നിലാണ് ഈ എം.എ അവസാന വർഷ വിദ്യാർഥിനി. ഹയർസെക്കൻഡറിയിൽ സംസ്ഥാന തലത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള സോന ആദ്യമായാണ് സർവകലാശാലയിൽ മത്സരിക്കുന്നത്. ഇനിയൊരു യുവജനോത്സവ വേദിയില്ല എന്ന തിരിച്ചറിവിൽ, തന്‍റെ കഴിവിലുള്ള പൂർണ വിശ്വാസത്തിലാണ് ഇത്തവണ രണ്ടും കൽപിച്ച് മത്സരത്തിനെത്തിയത്. കഥകളിയിലും നങ്യാർകൂത്തിലും ആദ്യമായാണ് മത്സരിക്കുന്നത്. ഹരിപ്പാട് ഡാണാപ്പടി സ്വദേശിയായ സോന സുനിലിന്‍റെ മാതാവ് ലക്ഷ്മി ഗൾഫിൽ നൃത്താധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.